ഹോട്ടൽ മാനേജ്മെന്റ് സംയുക്ത പ്രവേശന പരീക്ഷ മേയ് 11ന്
text_fieldsരാജ്യത്തെ 78 ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഈ വർഷം നടത്തുന്ന ത്രിവത്സര ബി.എസ്‍സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ (ബി.എസ് സി-എച്ച്.എച്ച്.എ) കോഴ്സുകളിലേക്കുള്ള സംയുക്ത പ്രവേശന പരീക്ഷ (എൻ.സി.എച്ച്.എം-ജെ.ഇ.ഇ 2024) മേയ് 11 ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ 12 മണിവരെ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടക്കും. പരീക്ഷ വിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://exams.nta.ac.in/NCHMൽ ലഭിക്കും. ഓൺലൈനായി മാർച്ച് 31 വൈകീട്ട് അഞ്ചുമണിവരെ രജിസ്റ്റർ ചെയ്യാം.
ഫീസ്-ജനറൽ/ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് 1000 രൂപ, ജനറൽ ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് -700 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/തേർഡ് ജൻഡർ വിഭാഗങ്ങൾക്ക് 450 രൂപ. മാർച്ച് 31 രാത്രി 11.50 മണിവരെ ഫീസടക്കാം. ഇംഗ്ലീഷ് അടക്കമുള്ള വിഷയങ്ങൾ പഠിച്ച് ഹയർസെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവർക്കും ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2024 സെപ്റ്റംബർ 30നകം യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
പ്രായപരിധിയില്ല. പ്രവേശന സമയത്ത് ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ന്യൂമെറിക്കൽ എബിലിറ്റി ആൻഡ് അനലിറ്റിക്കൽ ആപ്റ്റിട്യൂഡ്, റീസണിങ് ആൻഡ് ലോജിക്കൽ ഡിഡക്ഷൻ, പൊതുവിജ്ഞാനം, ഇംഗ്ലീഷ് ഭാഷ, ആപ്റ്റിട്യൂഡ് ഫോർ സർവിസ് സെക്ടർ മേഖലകളിൽനിന്നും മൾട്ടിപ്പ്ൾ ചോയ്സ് മാതൃകയിൽ 200 ചോദ്യങ്ങളുണ്ടാവും.
ശരിയുത്തരത്തിന് നാലു മാർക്ക്. തെറ്റിയാൽ ഓരോ മാർക്ക് വീതം കുറയും. കേരളത്തിൽ കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.
എൻ.സി.എച്ച്.എം-ജെ.ഇ.ഇ 2024 സ്കോർ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാറിനുകീഴിൽ 21, വിവിധ സംസ്ഥാന സർക്കാറുകളുടെ കീഴിൽ 30, പൊതുമേഖലയിൽ ഒന്ന്, പൊതു-സ്വകാര്യ പങ്കാളിത്തമുള്ള രണ്ട്, സ്വകാര്യ മേഖലയിൽ 24 ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ബി.എസ് സി-എച്ച്.എച്ച്.എ കോഴ്സിൽ പ്രവേശനം നേടാം. കേരളത്തിൽ കേന്ദ്രസർക്കാറിന് കീഴിലുള്ള ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം കോവളത്താണ്. സംസ്ഥാന സർക്കാറിനുകീഴിൽ കോഴിക്കോട്ടും സ്വകാര്യ മേഖലയിൽ മൂന്നാർ, വൈത്തിരി എന്നിവിടങ്ങളിലുമുണ്ട്.
ദേശീയ ഹോട്ടൽ മാനേജ്മെന്റ് കൗൺസിലിന്റെ നിയന്ത്രണത്തിലാണ് ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ പ്രവർത്തിക്കുന്നത്. മൂന്ന് വർഷത്തെ ബി.എസ് സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിൽ ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവിസ്, ഫ്രണ്ട് ഓഫിസ് ഓപറേഷൻ ആൻഡ് ഹൗസ് കീപ്പിങ്, ഹോട്ടൽ അക്കൗണ്ടൻസി, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ഫുഡ് ഫെസിലിറ്റി പ്ലാനിങ്, ഫിനാൻഷ്യൽ മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ്, ടൂറിസം മാർക്കറ്റിങ് ആൻഡ് മാനേജ്മെന്റ് മുതലായ വിഷയങ്ങൾ പഠിപ്പിക്കും.
ബിരുദത്തിന് ജവഹർലാൽ നെഹ്റു സർവകലാശാലയുടെ അംഗീകാരമുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലക്കാവശ്യമായ പരിജ്ഞാനവും നൈപുണ്യവും കോഴ്സിലൂടെ ലഭിക്കുന്നു. പഠിച്ചിറങ്ങുന്നവർക്ക് ഹോസ്പിറ്റാലിറ്റി/അനുബന്ധ മേഖലകളിൽ എക്സിക്യൂട്ടിവ്/മാനേജർ ഷെഫ് മുതലായ തസ്തികകളിൽ ജോലിസാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.