ഷാഫിൽ കണക്കു പഠിക്കുന്നു; ഇതിലും മികച്ച നേട്ടം കൊയ്യാൻ
text_fieldsഗണിത ശാസ്ത്രത്തിലെ രാജകുമാരനാരാണെന്നറിയാമോ? അഭാജ്യ സംഖ്യാ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ച ജർമൻ ഗണിതശാസ്ത്രജ്ഞൻ കാൾ ഫ്രെഡറിക് ഗോസ്. ചെറുപ്പത്തിലേ കണക്കിലെ കുരുക്കുകൾ എളുപ്പം പരിഹരിച്ച് കുഞ്ഞുനാളിലെ അധ്യാപകരുടെ ഇഷ്ടതാരമായ ഫ്രെഡറിക് ഗോസിന് ഇങ്ങ് കേരളത്തിലൊരു പിൻഗാമിയുണ്ട്. ഗോസിനെ ഏറെ ഇഷ്ടപ്പെടുന്ന, അദ്ദേഹത്തിെൻറ മാതൃകകൾ പിന്തുടരുന്ന ഒരു കൊച്ചു മിടുക്കൻ.
ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ദേശീയതലത്തിൽ എട്ടാംറാങ്കും ഒ.ബി.സി വിഭാഗത്തിൽ ഒന്നാംറാങ്കും നേടി കേരളത്തിെൻറ ഒന്നാകെ അഭിമാനമായി മാറിയ ഷാഫിൽ മാഹീനാണ് അത്.
റാങ്കുകളുടെ കളിത്തോഴനായ രാജു നാരായണസ്വാമി ഐ.എ.എസിെൻറ നേട്ടത്തെപോലും തോൽപിച്ചാണ് കോഴിക്കോട് റെയ്സ് പബ്ലിക് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ഷാഫിൽ ജെ.ഇ.ഇ അഡ്വാൻസ്ഡിനായി തയ്യാറെടുപ്പു നടത്തുന്നത്. ഐ.ഐ.ടികളിലേക്കുള്ള പ്രവേശനത്തിന് മാനദണ്ഡമാവുന്ന ജെ.ഇ.ഇ പരീക്ഷക്ക് രാജു നാരായണ സ്വാമി നേടിയത് പത്താംറാങ്കാണ്. ഷാഫിലിനെത്തേടിയെത്തിയത് എട്ടാംറാങ്കും.
മറ്റു വിദ്യാർഥികൾ ഒരു കണക്കു ചെയ്യുമ്പോൾ ഷാഫിൽ അതു തീർത്ത് അടുത്തതും, അതിനപ്പുറത്തുള്ളതും ചെയ്തു തീർക്കുമെന്ന് കണക്കുപഠിപ്പിക്കുന്ന അധ്യാപകർ പറയുന്നു. 360ൽ 345 മാർക്കാണ് ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ഷാഫിൽ നേടിയത്. കഴിഞ്ഞ വർഷം 345നേക്കാൾ കുറവായിരുന്നു ഉയർന്ന മാർക്കെന്ന് പിതാവ് കെ.എ നിയാസിയും സാക്ഷ്യപ്പെടുത്തുന്നു.
തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളജിലെ സിവിൽ എൻജി.വിഭാഗം അധ്യാപകനായ കെ.എ നിയാസിയുടെയും കാവനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ.ഷംജിതയുടെയും ഏക മകനാണ് ഷാഫിൽ മാഹീൻ. മകെൻറ പഠനത്തിനുവേണ്ടി കഴിഞ്ഞ രണ്ട് വർഷമായി ഇവർ കോഴിക്കോട്ട് അരയിടത്തുപാലത്തെ സൗഭാഗ്യ അപ്പാർട്ട്മെൻറ്സിലാണ് താമസിക്കുന്നത്. തിരൂർ ബി.പി അങ്ങാടിയിലാണ് വീട്. തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂളിലാണ് പത്താംക്ലാസുവരെ പഠിച്ചത്.
സയൻസ് വിഷയങ്ങളിൽ ഏറ്റവും ഇഷ്ടം ഗണിതം തന്നെ. ഗോസിനെപ്പോലെ അറിയപ്പെടുന്ന ഗണിതശാസ്ത്രജ്ഞനാവുകയാണ് ഷാഫിലിെൻറ സ്വപ്നം. അതിനുവേണ്ടിയാണ് പ്രയത്നങ്ങൾ മുഴുവൻ. മെയിനിൽ എട്ടാംറാങ്കുനേടി എന്നു പറഞ്ഞ് ആഹ്ലാദിച്ചിരിക്കാൻ ഇവനാവില്ല. അടുത്ത സ്വപ്നം അഡ്വാൻസ്ഡ് പരീക്ഷയിൽ ഇപ്പോൾ കിട്ടിയതിലും ഉയർന്ന റാങ്ക് വാങ്ങുകയെന്നതാണ്.
നേടണം, ഇതിലും വലുത്...
മെയ് 21ന് നടക്കുന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ഇതിലും മികച്ച റാങ്ക് നേടണമെന്ന ആഗ്രഹത്തോടെ തയ്യാറെടുപ്പു നടത്തുകയാണ് ഷാഫിൽ. ഉന്നത റാങ്ക് നേടി ബംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗണിതം പഠിക്കാനാണ് ഷാഫിലിനു താൽപര്യം. ഗണിതത്തെ ഏറെ സ്നേഹിക്കുന്ന ഈ 18കാരൻ കഴിഞ്ഞ കുറെ വർഷങ്ങളായി മാത്സ് ഒളിമ്പ്യാഡിൽ ദേശീയതലത്തിൽ ആദ്യ പത്ത് റാങ്കുകാരിലൊരാളാണ്. കഠിനാധ്വാനവും പിന്നെ പഠനത്തോടുള്ള, പ്രത്യേകിച്ച് കണക്കിനോടുള്ള ഇഷ്ടവുമാണ് തന്നെ നേട്ടത്തിനർഹനാക്കിയതെന്ന് ഷാഫിൽ മാഹീൻ പറയുന്നു. രക്ഷിതാക്കളുടെയും റെയ്സിലെ അധ്യാപകരുടെയും പിന്തുണയും ഇവന് മറക്കാനാവില്ല. മികച്ച നേട്ടത്തിനായി എന്തുവേണമെങ്കിലും ചെയ്തുതരാറുള്ള മാതാപിതാക്കളാണ് തെൻറ നേട്ടത്തിെൻറ രഹസ്യമെന്നും തനിക്കുവേണ്ടിയാണ് അവർ വീട് കോഴിക്കോട്ടേക്ക് മാറിയതെന്നും ഷാഫിലിെൻറ വാക്കുകൾ. തങ്ങളുടെ ഉറപ്പായ റാങ്ക് പ്രതീക്ഷയായിരുന്നു ഷാഫിലെന്നും അഡ്വാൻസ്ഡിലും ഇതിനേക്കാൾ മികവു പുലർത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റെയ്സ് ഡയറക്ടർ മുഹമ്മദ് നസീർ പറയുന്നു.
ഫേസ്ബുക്കും വാട്ട്സാപ്പുമില്ല
പുസ്തകങ്ങളാണ് ഷാഫിലിൻറെ ലോകം. ഗണിതശാസ്ത്ര ഗ്രന്ഥങ്ങളാണ് ഷാഫിലിെൻറ കൂട്ടുകാർ. പ്ലസ് വണിൽ മാത്സ് പഠിപ്പിക്കുമ്പോൾ അവൻ ബിരുദ, ബിരുദാനന്തര തലത്തിലുള്ള ഗണിത പ്രശ്നങ്ങൾ വരെ നോക്കിത്തീർത്തിട്ടുണ്ടാവുമെന്ന് ഷാഫിലിനെ കണക്കു പഠിപ്പിക്കുന്ന റെയ്സിലെ അധ്യാപകൻ പറയുന്നു. രാവിലെ ആറുമണിക്കെഴുന്നേറ്റ് പഠനം തുടങ്ങും. രാത്രി പതിനൊന്നിന് കിടക്കും. ഇതിനിടയിൽ സ്വന്തം കാര്യങ്ങൾ നോക്കാനും സമയം കണ്ടെത്തും. ചിട്ടയായ ഈ രീതി തുടരാൻ തുടങ്ങിയിട്ട് കാലം കുറെയായി. ദിവസവും ഒരുമണിക്കൂർ വിനോദത്തിനും മാറ്റിവെക്കും. കംപ്യൂട്ടർ ഗെയിമാണ് ഇഷ്ടവിനോദം. സ്കൂളിലും വീട്ടിലുമെല്ലാം മിതഭാഷിയാണ് ഷാഫിൽ. പഠനമികവുകൊണ്ട് അധ്യാപകരുടെയും കൂട്ടുകാരുടെയും പ്രിയപ്പെട്ടവനും. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സമയം കൊല്ലി ആപ്പുകളിൽ കുരുങ്ങാനും ഷാഫിൽ തയ്യാറല്ല. ഇവയൊന്നും സ്വന്തമായി ഉപയോഗിക്കുന്നുമില്ല.
ഷാഫിലിെൻറ സ്വപ്നങ്ങൾ അവെൻറ മാത്രം സ്വപ്നങ്ങളല്ല. ഒരു നാടിെൻറയും ഒരു കുടുംബത്തിെൻറയും ഒരു സ്കൂളിെൻറയും സ്വപ്നങ്ങളാണ്. അതുകൊണ്ടുതന്നെ അവരെല്ലാവരും ഈ മിടുക്കനു വേണ്ടിയുള്ള പ്രാർഥനയിലാണ്. അവൻ ഇതിലും മികച്ച റാങ്കുവാങ്ങണേയെന്ന പ്രാർഥനയിൽ..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.