നീറ്റ്–യു.ജി അപേക്ഷ സമര്‍പ്പണം തുടങ്ങി
text_fieldsരാജ്യത്തെ മെഡിക്കല്‍ /ഡെന്‍റല്‍ കോളജുകള്‍ ഇക്കൊല്ലം നടത്തുന്ന എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലെ മുഴുവന്‍ സീറ്റിലേക്കുമുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് അഥവ ‘നീറ്റ് -യു.ജി - 2017 മേയ് ഏഴിന് ദേശീയതലത്തില്‍ നടക്കും. ഇതിനായുള്ള അപേക്ഷ സമര്‍പ്പണം തുടങ്ങി. സി.ബി.എസ്.ഇ ആണ് പരീക്ഷ നടത്തി ഓള്‍ ഇന്ത്യ റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. എയിംസും ജിപ്മെറും നീറ്റ്-യു.ജിയുടെ പരിധിയില്‍പെടില്ല.
എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലെ 15 ശതമാനം ഓള്‍ ഇന്ത്യ ക്വോട്ട സീറ്റുകള്‍, സ്റ്റേറ്റ് ഗവണ്‍മെന്‍റ് ക്വോട്ട സീറ്റുകള്‍, സ്റ്റേറ്റ് / മാനേജ്മെന്‍റ്/ എന്‍.ആര്‍.ഐ ക്വോട്ട സീറ്റുകള്‍ എന്നിവയിലെ പ്രവേശനം നീറ്റ് -യു.ജിയുടെ റാങ്ക് പരിഗണിച്ചാണ് നടത്തുക. സ്വകാര്യ മെഡിക്കല്‍/ഡെന്‍റല്‍ കോളജുകളിലെയും കല്‍പിത സര്‍വകലാശാലകളിലെയും പ്രവേശന മാനദണ്ഡം നീറ്റ്- യു.ജി റാങ്ക് തന്നെയാണ്. നീറ്റ്-യു.ജിയില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. പ്രവാസി ഇന്ത്യക്കാര്‍ക്കും മറ്റും പാസ്പോര്‍ട്ട് നമ്പര്‍ മതി.
അപേക്ഷാര്‍ഥികള്‍ക്ക് 2017 ഡിസംബര്‍ 31ന് 17 വയസ്സ് തികയണം. പരീക്ഷ തീയതിയില്‍ പ്രായം 25 കവിയാനും പാടില്ല. ജനറല്‍ വിഭാഗത്തില്‍പെടുന്നവര്‍ 1992 മേയ് എട്ടിനും 2001 ജനുവരി ഒന്നിനും മധ്യേയും പട്ടികജാതി / വര്‍ഗം ഒ.ബി.സി വിഭാഗങ്ങളില്‍പെടുന്നവര്‍ 1987 മേയ് എട്ടിനും 2001 ജനുവരി ഒന്നിനും മധ്യേയും ജനിച്ചതായിരിക്കണം. സംവരണ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തെ ഇളവ് പ്രായപരിധയില്‍ നല്‍കിയിട്ടുണ്ട്.പ്ളസ് ടു /തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. പട്ടികജാതി /വര്‍ഗക്കാര്‍ക്കും ഒ.ബി.സി വിഭാഗങ്ങളില്‍പെടുന്നവര്‍ക്കും 40 ശതമാനം മാര്‍ക്ക് മതി. പൊതുവിഭാഗത്തില്‍പെടുന്ന ഭിന്നശേഷിക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതിയാകും. 2017ല്‍ പ്ളസ് ടു /തുല്യ യോഗ്യത പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് ജനറല്‍/ ഒ.ബി.സി വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 1400 രൂപയും പട്ടികജാതി/വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 750 രൂപയുമാണ്.‘നീറ്റ്-യു.ജി 2017 അപേക്ഷാ സമര്‍പ്പണത്തിന് മുമ്പ് www.cbseneet.nit.in എന്ന വെബ്സൈറ്റില്‍നിന്ന് വിശദവിവരങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ ഡൗണ്‍ലോഡ് ചെയ്ത് മനസ്സിലാക്കേണ്ടതാണ്.
അപേക്ഷ ഓണ്‍ലൈനായി മാത്രം ഇതേ വെബ്സൈറ്റിലൂടെ നിര്‍ദേശാനുസരണം സമര്‍പ്പിക്കാം. 2017 മാര്‍ച്ച് ഒന്നുവരെ അപേക്ഷകള്‍ സ്വീകരിക്കും. ഒരാള്‍ ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി. അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ 15 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലുള്ള നീറ്റ് -യു.ജിയില്‍ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒറ്റ പേപ്പറാണുള്ളത്. മെയ് ഏഴിന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് പരീക്ഷ. ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബയോളജി, സുവോളജി) വിഷയങ്ങളില്‍നിന്നാണ് ചോദ്യങ്ങള്‍. എന്‍ട്രന്‍സ് ടെസ്റ്റ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കേന്ദ്രങ്ങളില്‍ നടത്തും. ടെസ്റ്റ് റിസള്‍ട്ട് ജൂണ്‍ എട്ടിന് പ്രഖ്യാപിക്കും.
ടെസ്റ്റില്‍ യോഗ്യത നേടുന്നവരുടെ മെരിറ്റ് അനുസരിച്ച് ഓള്‍ ഇന്ത്യ റാങ്ക് ലിസ്റ്റ് തയാറാക്കുക മാത്രമാണ് സി.ബി.എസ്.ഇയുടെ ചുമതല. 15 ശതമാനം ഓള്‍ ഇന്ത്യ ക്വോട്ട സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ കൗണ്‍സലിങ് ഡി.ജി.എച്ച്.എസിന് കീഴിലെ മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റിയാണ് നടത്തുക.
പുണെയിലെ സായുധസേന മെഡിക്കല്‍ കോളജിലെ സൗജന്യ എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവരും ‘നീറ്റ്-യു.ജി’യില്‍ പങ്കെടുത്ത് ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കണം. അതോടൊപ്പം യഥാസമയം പ്രസ്തുത കോളജിലും അപേക്ഷ നല്‍കണം.കേരളത്തിലെ എം.ബി.ബി.എസ് /ബി.ഡി.എസ് പ്രവേശനവും നീറ്റ് പരിഗണിച്ചാണ്. വിശദവിവരങ്ങള്‍ക്ക് www.cbseneet.nic.in എന്ന വെബ്സൈറ്റിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.