ജെ.ഇ.ഇ അഡ്വാൻസ്ഡ്: കേരളത്തിൽ വിഘ്നേഷ് ഒന്നാമത്
text_fieldsന്യൂഡൽഹി: ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ജയ്പുർ സ്വദേശി മൃദുൽ അഗർവാളിന് ഒന്നാം റാങ്ക്. ധനഞ്ജയ് രാമനാണ് രണ്ടാം റാങ്ക്. അനന്ത് ലുനിയ മൂന്നാം റാങ്കും രാമസ്വാമി സന്തോഷ് റെഡ്ഡി നാലാം റാങ്കും നേടി. 360ൽ 348 മാർക്ക് നേടിയാണ് അഗർവാൾ ഒന്നാമതെത്തിയത്.
കാർത്തിക് ശ്രീകുമാർ നായർക്കാണ് ഏഴാം റാങ്ക്. ദേശീയ തലത്തിൽ 98ാം റാങ്ക് ലഭിച്ച ഡൽഹി സ്വദേശി കാവ്യ ചോപ്രയാണ് പെൺകുട്ടികളിൽ ഒന്നാമത്. ദേശീയതലത്തിൽ 123ാം റാങ്കും കാറ്റഗറി വിഭാഗത്തിൽ എട്ടാം റാങ്കും നേടിയ വിഘ്നേഷ് ജെ.ആറാണ് കേരളത്തിൽ ഒന്നാമത്. കോട്ടയം സ്വദേശികളായ ഡോക്ടർ രാജേഷ് പി.എസിെൻറയും, ജിഷയുടെയും മകനാണ്. 258ാം റാങ്കും കാറ്റഗറി വിഭാഗത്തിൽ 26ാം റാങ്കും നേടിയ ഫായിസ് ഹാഷിമാണ് കേരളത്തിൽ രണ്ടാമത്.
തൃശൂരിലെ എൻജിനീയർ ദമ്പതിമാരായ ഹാഷിമിെൻറയും റസിയ ഹാഷിമിെൻറയും മകനാണ്. കേരള എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിരുന്നു. ദേശീയതലത്തിൽ 269ാം റാങ്ക് നേടിയ അതുൽ ജയേഷ് സംസ്ഥാന തലത്തിൽ മൂന്നാമതെത്തി. കോഴിക്കോട് ജില്ലയിലെ ഡോക്ടർ ദമ്പതിമാരായ ജയേഷ് ഭാസ്കറിെൻറയും ജ്യോതിയുടെയും മകനാണ്. മൂന്നു പേരും പാലാ ബ്രില്യൻറ് സ്റ്റഡിസെൻററിലാണ് പരിശീലനം നേടിയത്. യോഗ്യത നേടിയവരുടെ രജിസ്ട്രേഷൻ നടപടികൾ ശനിയാഴ്ച ആരംഭിക്കും. ആദ്യ മോക് അലോട്ട്മെൻറ് 22നും രണ്ടാം പട്ടിക 24നും പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെൻറ് 27ന് ആരംഭിക്കും. 30നു വൈകീട്ട് അഞ്ചു മണിക്കകം ഫീസ് അടച്ച് രേഖകൾ അപ്ലോഡ് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.