കീം ജൂൺ ഒന്നു മുതൽ ഒമ്പത് വരെ; വിജ്ഞാപനം ദിവസങ്ങൾക്കകം
text_fieldsതിരുവനന്തപുരം: എൻജിനീയറിങ്, ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള കേരള എൻട്രൻസ് പരീക്ഷ ജൂൺ ഒന്നു മുതൽ ഒമ്പതു വരെ നടത്താൻ തീരുമാനം. ദുബൈ, ഡൽഹി, മുംബൈ പരീക്ഷ കേന്ദ്രങ്ങൾ തുടരും. മേയ് 15 മുതൽ നടത്താൻ നേരത്തേ പ്രോസ്പെക്ടസ് പരിഷ്കരണസമിതി യോഗം ശിപാർശ ചെയ്തിരുന്നെങ്കിലും ഇതേ സമയത്ത് ബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി പരീക്ഷ നടക്കുന്നതിനാൽ ജൂണിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. പരീക്ഷ ജൂൺ ആദ്യവാരത്തിലേക്ക് മാറ്റുമെന്ന് കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം ഏതാനും ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും. കരട് പ്രോസ്പെക്ടസ് സർക്കാറിെൻറ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. അംഗീകരിച്ചുള്ള ഉത്തരവ് ഇറങ്ങുന്ന അന്നു തന്നെ അപേക്ഷ സമർപ്പണത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഇതാദ്യമായി കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ രീതിയാണ് കേരള എൻട്രസിന് ഇത്തവണ.
നേരത്തേ ഒറ്റ ദിവസം രണ്ട് പേപ്പറുകളിലായി നടത്തിയിരുന്ന പരീക്ഷ ഇത്തവണ മുതൽ ജെ.ഇ.ഇ പരീക്ഷ രീതിയിൽ വ്യത്യസ്ത ദിവസങ്ങളിൽ വെവ്വേറെ ചോദ്യങ്ങൾ ഉപയോഗിച്ചാണ് നടത്തുക. വ്യത്യസ്ത ചോദ്യങ്ങൾ ഉപയോഗിക്കുന്നതിനാൽ മാർക്കിലുണ്ടാകുന്ന അന്തരം ഏകീകരിക്കാൻ നോർമലൈസേഷൻ പ്രക്രിയ നടത്തി പെർസൈൻറൽ സ്കോർ രീതിയിലായിരിക്കും ഫലം പ്രസിദ്ധീകരിക്കുക.
മൂന്നു മണിക്കൂറിൽ 150 ചോദ്യങ്ങൾ അടങ്ങിയ ഒറ്റ പരീക്ഷയായിരിക്കും നടത്തുക. ഇതിൽ 75 ചോദ്യങ്ങൾ മാത്സിൽനിന്നും 45 എണ്ണം ഫിസിക്സിൽനിന്നും 30 എണ്ണം കെമിസ്ട്രിയിൽനിന്നുമായിരിക്കും.
പ്രവേശന പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ ലഭിച്ച സ്കോർ ഫാർമസി കോഴ്സ് റാങ്ക് പട്ടിക തയാറാക്കാനായും ഉപയോഗിക്കും. എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതാതെ ഫാർമസി കോഴ്സിന് മാത്രമായി അപേക്ഷിക്കുന്നവർക്കായി 75 മാർക്കിൽ ഒന്നര മണിക്കൂർ പരീക്ഷ ജൂൺ ഒമ്പതിനകംതന്നെ നടത്തും. സി-ഡിറ്റിെൻറ സാേങ്കതിക സഹായത്തോടെയായിരിക്കും പരീക്ഷ നടത്തിപ്പ്.
ഒമ്പത് ദിവസം പരീക്ഷക്കായി കണ്ടെത്തിയിട്ടുണ്ടെങ്കിലും അപേക്ഷകരുടെ എണ്ണം, പരീക്ഷകേന്ദ്രങ്ങളിലെ സൗകര്യം ഉൾപ്പെടെ പരിഗണിച്ചുള്ള സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.