വിദ്യാർഥികളുടെ പ്രതിഷേധം ഫലം കണ്ടു; ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റി
text_fieldsതിരുവനന്തപുരം: കോവിഡ് പ്രോട്ടോകോൾ നിലനിൽക്കെ പരീക്ഷ നടത്താനുള്ള നീക്കം കേരള ആരോഗ്യ സർവകലാശാല ഉപേക്ഷിച്ചു. അവസാന വർഷ പരീക്ഷകൾ ഒഴികെ മറ്റെല്ലാ പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷകൾ ജൂൺ മാസത്തിലേക്കാണ് മാറ്റിയത്. ആരോഗ്യ സർവകലാശാല ഗവേണിങ് കൗൺസിലിേന്റതാണ് തീരുമാനം.
എല്ലാ വിദ്യാർഥികളും അധ്യാപകരും രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചുവെന്ന് കാണിച്ചാണ് അധികൃതർ പരീക്ഷയുമായി മുന്നോട്ട് പോകാൻ നീക്കം നടത്തിയത്. എന്നാൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമുയർന്നിരുന്നു. പല സ്വകാര്യ കോളജുകളിലും പൂർണമായ രീതിയിൽ വാക്സിനേഷൻ കഴിയാത്തതിനാൽ വിദ്യാർഥികൾ ആശങ്കയിലായിരുന്നു. ഇതേത്തുടർന്നാണ് പരീക്ഷകൾ മാറ്റാൻ തീരുമാനിച്ചത്.
സംസ്ഥാനത്തെ 20 സ്വകാര്യ മെഡിക്കൽ കോളജുകളുടെ സൗകര്യങ്ങൾ കോവിഡ് ചികിത്സക്കായി ഉപയോഗിക്കാൻ സർക്കാർ നിർദേശം നൽകിയതായി ആരോഗ്യ സർവകലാശാല ഗവേണിങ് കൗൺസിൽ യോഗത്തിൽ അറിയിച്ചു. ഇതുവഴി കോവിഡ് ചികിത്സക്കായി 10000ത്തോളം കിടക്കകൾ ലഭ്യമാക്കാനാകും.
ബി.എസ്സി നഴ്സിങ് വിദ്യാർഥികൾക്കുള്ള പരീക്ഷയാണ് മേയ് ആദ്യവാരം നടത്താൻ സർവകലാശാല തീരുമാനിച്ചത്. കോവിഡ് ഭീതി നിലനിൽക്കെ പരീക്ഷ നടത്താനുള്ള തീരുമാനം വിദ്യാർഥികളിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.
കോവിഡ് രണ്ടാംഘട്ട വ്യാപനം തുടങ്ങിയതോടെ പല സ്ഥാപനങ്ങളും ഹോസ്റ്റലുകളും കോളജുകളും അടച്ചിട്ടിരുന്നു. എന്നാൽ, പരീക്ഷ നടത്താനുള്ള തീരുമാനമറിയിച്ചതോടെ പല സ്ഥാപനങ്ങളും വിദ്യാർഥികളെ തിരിച്ചുവിളിക്കുകയായിരുന്നു. കഴിഞ്ഞവർഷം രോഗികളുടെ എണ്ണം കുറവായിരുന്നിട്ടുകൂടി ഹോസ്റ്റലുകളും കോളജുകളും അടച്ചിട്ടിരുന്നു.
എന്നാൽ, ഇക്കുറി വൻതോതിൽ കേസുകൾ ഉള്ളപ്പോഴും ഒരു നിയന്ത്രണവുമില്ലാതെ ഹോസ്റ്റലുകൾ തുറന്നു പ്രവർത്തിക്കുന്നതിനെതിരെ രക്ഷിതാക്കളിലും പ്രതിഷേധം വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.