ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷ ഏതാണെന്ന് അറിയാമോ; ആദ്യ പത്തിൽ വരുന്നത് ഇവ
text_fieldsഉയർന്ന വരുമാനമുള്ള സ്ഥിരജോലിക്കായി ശ്രമിക്കുന്നവരിൽ ഏറെയും തെരഞ്ഞെടുക്കുന്ന ഒന്നാണ് സർക്കാർ സർവീസ്. ഒരിക്കലും ഡിമാൻഡ് നഷ്ടപ്പെടാത്ത സർക്കാർ സർവീസിലേക്കുള്ള തെരഞ്ഞെടുപ്പിനായി നടത്തുന്ന പരീക്ഷയുടെ കടുപ്പം ഓരോ വർഷവും കൂടുകയാണ്. കുറഞ്ഞ ഒഴിവുകളിലേക്ക് ലക്ഷക്കണക്കിന് അപേക്ഷകളാണ് സർക്കാറിന് ലഭിക്കുന്നത്. വിശാലമായ സിലബസും പരീക്ഷാ രീതിയും കൊണ്ട് കഠിന സ്വഭാവം പുലത്തുന്ന പരീക്ഷകളാണ് പലപ്പോഴും നടക്കാറുള്ളത്.
ഉദ്യോഗാർഥികളുടെ അഭിരുചി, പൊതുവിജ്ഞാനം, പാരിമാണിക ശേഷി, ഭാഷാപ്രാവീണ്യം എന്നിവ അളക്കുന്നതാണ് മിക്ക പരീക്ഷകളും. ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ പല പരീക്ഷകളും ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ പരീക്ഷകളാണ്. രാജ്യത്തെ ഏറ്റവും കഠിനമായ പത്ത് പരീക്ഷകളാണ് ചുവടെ പറയുന്നത്.
01. യു.പി.എസ്.സി സിവിൽ സർവീസസ്
രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥ പദവികളിലേക്കുള്ള തെരഞ്ഞടുപ്പിനായി യൂനിയൻ പബ്ലിക് സർവീസ് കമീഷൻ നടത്തുന്ന സിവിൽ സർവീസസ് പരീക്ഷയാണ് ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷയായി കണക്കാക്കുന്നത്. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് ഉൾപ്പെടെയുള്ള സർവീസുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഓരോ വർഷവും 10-12 ലക്ഷം പേർ അപേക്ഷിക്കുമ്പോൾ 1000 മുതൽ 1200 പേർക്ക് വരെയാണ് നിയമനം ലഭിക്കുന്നത്.
02. ഐ.ഐ.ടി ജെ.ഇ.ഇ
രാജ്യത്തെ ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്സാമാണ് (ജെ.ഇ.ഇ) പട്ടികയിൽ രണ്ടാമത്. ജെ.ഇ.ഇ മെയിൻസ്, ജെ.ഇ.ഇ അഡ്വാസ്ഡ് എന്നിങ്ങനെ രണ്ട് ഭാഗമായാണ് പരീക്ഷ. ജെ.ഇ.ഇ മെയിൻസ് വർഷം രണ്ട് തവണയും അഡ്വാൻസ്ഡ് ഒരു തവണയുമാണ് നടക്കുന്നത്. ഓൺലൈനായി നടക്കുന്ന പരീക്ഷക്ക് 300 ആണ് പരമാവധി സ്കോർ.
03. ഗേറ്റ്
എൻജിനീയറിങ്ങിന് ബിരുദാനന്തര ബിരുദ പഠനത്തിനായുള്ള അഭുരുചി പരീക്ഷയാണ് ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് അഥവാ ഗേറ്റ്. എം.ഇ, എം.ടെക് എന്നിവക്കു പുറമെ ഗവേഷണ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനും ഗേറ്റ് സ്കോർ പരിഗണിക്കുന്നു. ദേശീയതലത്തിൽ ഓൺലൈനായി വർഷത്തിൽ ഒരു തവണയാണ് പരീക്ഷ നടക്കുക.
04. ഐ.ഐ.എം കാറ്റ്
മാനേജ്മെന്റ് പഠനത്തിൽ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിയുടെയും സ്വപ്നമാണ് ഐ.ഐ.എം പ്രവേശനം. ഇതിനായി ദേശീയതലത്തിൽ നടത്തുന്ന പരീക്ഷയാണ് കോമൺ അഡ്മിഷൻ ടെസ്റ്റ് അഥാവാ കാറ്റ്. എം.ബി.എ കോഴ്സ് പ്രവേശനത്തിനായി മറ്റ് സ്ഥാപനങ്ങളും കാറ്റ് സ്കോർ പരിഗണിക്കാറുണ്ട്.
05. എൻ.ഡി.എ
നാഷനൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ) യിലേക്കുള്ള സെലക്ഷൻ ടെസ്റ്റാണ് പട്ടികയിൽ അഞ്ചാമത്. സൈന്യത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് 12-ാം ക്ലാസിനു ശേഷം ഈ പ്രവേശന പരീക്ഷ എഴുതാം.
06. ക്ലാറ്റ്
നാഷനൽ ലോ യൂനിവേഴ്സിറ്റികളിൽ നിയമത്തിൽ ഉന്നതപഠനം നടത്താൻ ആഗ്രഹിക്കുന്നവർക്കുള്ള പൊതുപ്രവേശന പരീക്ഷയാണ് കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് അഥവാ ക്ലാറ്റ്. ഇംഗ്ലിഷ്, പൊതുവിജ്ഞാനം, ലീഗൽ റീസണിങ് എന്നിവയിലെ പ്രാവീണ്യമളക്കുന്ന പരീക്ഷ വർഷത്തിൽ രണ്ട് തവണയായി ഓഫ്ലൈൻ മോഡിൽ നടക്കും.
07. സി.എ പരീക്ഷ
ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ നടത്തുന്ന സി.എ പരീക്ഷ മൂന്ന് ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. കോമൺ പ്രൊഫിഷ്യൻസി ടെസ്റ്റാണ് ആദ്യത്തേത്. ഇതിനു ശേഷം നടക്കുന്ന ഇന്റഗ്രേറ്റഡ് പ്രഫണനൽ കോംപീറ്റന്ഡസി കോഴ്സിൽ ഏഴ് വിഷയങ്ങൾ പഠിക്കണം. മൂന്നാം ഘട്ടത്തിൽ സി.എ ഫൈനൽ പരീക്ഷ നടക്കും. ഫിനാൻഷ്യൻ റിപ്പോർട്ടിങ്, ഫിനാൻഷ്യൽ മാനേജ്മെന്റ് ഉൾപ്പെടെ സങ്കീർണ വിഷയങ്ങളിലെ ഉദ്യോഗാർഥിയുടെ പ്രാവീണ്യമാണ് ഇവിടെ അളക്കുന്നത്.
08. യു.ജി.സി-നെറ്റ്
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് പ്രഫസറാകാനുള്ള യോഗ്യതാ പരീക്ഷയാണ് യു.ജി.സി-നെറ്റ്. നൂറിലേറെ വിഷയങ്ങളിലായി നടക്കുന്ന ടെസ്റ്റ് ഓരോ വർഷവും ലക്ഷക്കണക്കിന് ഉദ്യോഗാർഥികളാണ് എഴുതുന്നത്.
09. നീറ്റ്
മെഡിക്കൽ രംഗത്ത് കരിയർ സ്വപ്നം കാണുന്നവർക്കു മുന്നിലെ കടമ്പയാണ് നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്). മെഡിക്കൽ കോളജുകളിലേക്കും ഡെന്റൽ കോളജുകളിലേക്കുമുള്ള പ്രവേശന പരീക്ഷയാണിത്. വിദ്യാർഥികൾക്ക് ബയോളജി, കെമിസ്ട്രി, ഫിസിക്സ് വിഷയങ്ങളിലുള്ള ധാരണയാണ് നീറ്റിൽ പരിശോധിക്കുന്നത്. യു.ജി, പി.ജി കോഴ്സുകൾക്ക് വെവ്വേറെ പരീക്ഷയുണ്ട്.
10. എൻ.ഐ.ഡി പ്രവേശന പരീക്ഷ
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിസൈൻ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന പൊതുപരീക്ഷയാണ് പട്ടികയിൽ പത്താമതുള്ളത്. വളരെ കുറച്ച് സീറ്റുകളിലേക്ക് അനവധി വിദ്യാർഥികൾ അപേക്ഷിക്കുന്നതിനാലാണ് പരീക്ഷ കഠിനമാകുന്നത്. വിദ്യാർഥികളുടെ അഭിരുചി, സൃഷ്ടിപരത, നൂതനാശയം, നൈപുണ്യം എന്നിവയെല്ലാം പരീക്ഷയിലൂടെ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.