ആൾമാറാട്ടം; പി.എസ്.സി പരീക്ഷ എഴുതാനെത്തിയയാൾ പരിശോധനക്കിടെ ഇറങ്ങിയോടി
text_fieldsതിരുവനന്തപുരം: പി.എസ്.സി പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം. ഹാള്‍ ടിക്കറ്റ് പരിശോധനയ്ക്കിടെ പരീക്ഷ എഴുതാന്‍ എത്തിയ ആള് ഇറങ്ങിയോടി. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്കൂളിൽ ഇന്ന് രാവിലെയാണ് സംഭവം.
രാവിലെ നടന്ന യൂണിവേഴ്സിറ്റി എല്‍ജിഎസ് പരീക്ഷയിലാണ് ആള്‍മാറാട്ട ശ്രമം നടത്തിയത്. പരീക്ഷാഹാളില്‍ ഉദ്യോഗാർഥിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഒത്തുനോക്കിയുള്ള വെരിഫിക്കേഷനിടെ ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നുകയായിരുന്നു. രേഖകളില്‍ വ്യത്യാസം കണ്ടതോടെ ഇന്‍വിജിലേറ്റര്‍ സംശയം പ്രകടിപ്പിച്ചു. ഇതോടെ പരീക്ഷ എഴുതാനെത്തിയയാൾ ഹാളിൽ നിന്ന് ഇറങ്ങിയോടി.
സംഭവം ഉടൻതന്നെ പൂജപ്പുര പൊലീസിൽ അറിയിച്ചു. ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച ആളെ തിരിച്ചറിയാന്‍ അന്വേഷണം തുടങ്ങി.
മത്സരപ്പരീക്ഷകളിലെ ക്രമക്കേടിന് 10 വർഷം വരെ തടവ്; ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു
ന്യൂഡൽഹി: പൊതു മത്സരപ്പരീക്ഷകളിൽ ക്രമക്കേട് നടത്തുന്നവർക്ക് 10 വർഷം വരെ തടവും കോടി രൂപവരെ പിഴയും ലഭിക്കാവുന്ന ബിൽ കേന്ദ്ര സർക്കാർ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു. യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷൻ കമീഷൻ, റെയിൽവെ റിക്രൂട്ട്മെന്റ് ബോർഡ്, വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ, നാഷനൽ ടെസ്റ്റിങ് ഏജൻസി എന്നിവ നടത്തുന്ന പരീക്ഷകൾ, ബാങ്കിങ് റിക്രൂട്ട്മെന്റ് പരീക്ഷകൾ, കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിപ്പിക്കുന്ന വകുപ്പുകളിലേക്കുള്ള പരീക്ഷകൾ തുടങ്ങിയവയാണ് ബില്ലിന്റെ പരിധിയിൽ ഉൾപ്പെടുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ത്തൽ, ഉത്തരക്കടലാസുകളിൽ കൃത്രിമം കാണിക്കൽ, സീറ്റ് ക്രമീകരണങ്ങളിൽ കൃത്രിമം കാണിക്കൽ അടക്കം വിവിധ തരത്തിലുള്ള 20 കുറ്റങ്ങളാണ് ബില്ലിലുള്ളത്. ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കിൽ കുറഞ്ഞത് മൂന്നു മുതൽ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷയും മൂന്നു മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴയും നൽകേണ്ടിവരും. ക്രമക്കേട് സംഘടിത കുറ്റകൃത്യമാണെന്ന് തെളിഞ്ഞാൽ അഞ്ചു മുതൽ പത്തുവര്‍ഷം വരെയാണ് ശിക്ഷ. ഒരു കോടി രൂപവരെ പിഴ വിധിക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. ഏതെങ്കിലും സ്ഥാപനമാണ് ക്രമക്കേട് നടത്തുന്നതെങ്കിൽ അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും ബില്ല് വ്യവസ്ഥചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.