പത്താംതരം തുല്യത പരീക്ഷയെ കീഴടക്കാനൊരുങ്ങി മരക്കാർ ഹാജി, സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ പഠിതാവാണ് ഇദ്ദേഹം
text_fieldsവളാഞ്ചേരി: തിങ്കളാഴ്ച ആരംഭിക്കുന്ന പത്താം തരം തുല്യത പരീക്ഷയിൽ വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ കേന്ദ്രത്തിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ പഠിതാവ് പരീക്ഷ എഴുതും. മാറാക്കര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ കല്ലുപാലം പാലക്കത്തൊടി മരക്കാർ ഹാജിയാണ് (76) മുതിർന്ന പഠിതാവ്.
ചെറുപ്പത്തിൽ പഠനം നിർത്തേണ്ടിവന്ന ഇദ്ദേഹം 10 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ നാട്ടിൽ മടങ്ങിയെത്തുകയും വീട്ടിൽ വെറ്റില കൃഷിയിൽ ഏർപ്പെടുകയും ചെയ്തു. മത-രാഷ്ട്രീയ രംഗങ്ങളിൽ സജീവമാകുന്നതിനിടക്കാണ് തുടർപഠന മോഹമുദിച്ചത്. പഞ്ചായത്ത് സാക്ഷരത പ്രേരക് കെ.പി. സിദ്ദീഖിെൻറ പ്രോത്സാഹനം ലഭിച്ചതോടെ ഏഴാം തരം തുല്യതക്ക് ചേർന്നു. ഏഴാം തരം വിജയിച്ച ശേഷം പത്താം ക്ലാസ് പഠനത്തിനായി കരിപ്പോൾ ഗവ. ഹൈസ്കൂളിലെ പഠനകേന്ദ്രത്തിൽ ചേരുകയായിരുന്നു.
കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പേരക്കുട്ടി റിഫാഹ് വലിയുപ്പയെ ഓൺലൈൻ കാല പഠനത്തിൽ സഹായിക്കാനെത്തിയപ്പോൾ ആത്മവിശ്വാസം കൂടി. തുല്യത അധ്യാപകരുടെ ഓൺലൈൻ ക്ലാസിനൊപ്പം സാക്ഷരത മിഷെൻറ യൂട്യൂബ് ചാനലിനെയും പഠനപ്രവർത്തനങ്ങൾക്കായി ആശ്രയിക്കുന്നു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ഇ സാക്ഷരത പ്രചാരണ ബ്രാൻഡ് അംബാസിഡർ കൂടിയായിരുന്നു മരക്കാർ ഹാജി. സാക്ഷരത മിഷൻ പ്രസിദ്ധീകരണമായ അക്ഷരകൈരളിയുടെ മുഖചിത്രമായും മരക്കാർ ഹാജിയുടെ കമ്പ്യൂട്ടർ പഠനചിത്രം വന്നിരുന്നു.
ഭാര്യയും മക്കളും മരുമക്കളും പേരക്കുട്ടികളും പഠനത്തിന് ആവശ്യമായ സഹായങ്ങൾ നൽകി കൂട്ടായുണ്ട്. വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷാകേന്ദ്രത്തിൽ ഹാൾ ടിക്കറ്റ് വാങ്ങാനെത്തിയ മരക്കാർ ഹാജിയെ അഭിനന്ദിക്കാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരി എത്തിയിരുന്നു. പ്രസിഡൻറിനൊപ്പം സ്കൂൾ പ്രധാനാധ്യാപിക ടി.വി. ഷീല, സാക്ഷരത മിഷൻ ബ്ലോക്ക് നോഡൽ പ്രേരക് കെ.ടി. നിസാർ ബാബു എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.