നീറ്റ്: കേരളത്തിൽ ആയിഷ; അഫ്താബിനും അകൻഷക്കും റെക്കോഡ്
text_fieldsന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷഫലം പ്രസിദ്ധീകരിച്ചപ്പോൾ ഒഡിഷയിെല ശുഐബ് അഫ്താബ് 720ൽ 720 മാർക്ക് നേടി ചരിത്ര നേട്ടത്തോടെ ഒന്നാം റാങ്ക് നേടി.
ഡൽഹിയിലെ അകൻഷ സിങ്ങിനാണ് രണ്ടാം റാങ്ക്. അകൻഷയും 720ൽ 720 മാർക്ക് ആണ് ലഭിച്ചത്. എന്നാൽ, അഫ്താബിനെക്കാൾ പ്രായം കുറവായതിനാലാണ് അകൻഷയെ രണ്ടാം റാങ്കിലേക്ക് പരിഗണിച്ചത്. നീറ്റ് പരീക്ഷയിൽ ഒന്നിലധികം പേർക്ക് ഒരേ മാർക്ക് ലഭിച്ചാൽ പ്രായം കൂടുതലുള്ള ആളെയാണ് ഉയർന്ന റാങ്കിലേക്ക് പരിഗണിക്കുക.
ആദ്യ 50 റാങ്കുകാരിൽ നാല് മലയാളികളും ഇടംപിടിച്ചു. ദേശീയതലത്തിൽ 12ാം റാങ്ക് നേട്ടത്തോടെ എസ്. ആയിഷ സംസ്ഥാനത്ത് ഒന്നാം റാങ്കുകാരിയായി. 720ൽ 710 മാർക്ക് നേടിയാണ് ആയിഷയുടെ നേട്ടം.
കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി അയിഷക്ക് ഒ.ബി.സി വിഭാഗത്തിൽ രാജ്യത്ത് രണ്ടാം റാങ്കുണ്ട്. കൊയിലാണ്ടി കൊല്ലം 'ഷാജി'യിൽ എ.പി. അബ്ദുൽ റസാഖിെൻറയും ഷമീമയുടെയും രണ്ടാമത്തെ മകളാണ്. 706 മാർക്കോടെ ദേശീയതലത്തിൽ 22ാം റാങ്ക് നേടിയ എ. ലുലു രണ്ടാം റാങ്ക് നേടി.
25ാം റാങ്ക് നേടിയ സനീഷ് അഹമ്മദാണ് (705 മാർക്ക്) മൂന്നാം റാങ്കുകാരൻ. അഖിലേന്ത്യതലത്തിൽ 50ാം റാങ്ക് നേടിയ ഫിലമൺ കുര്യാക്കോസ് (705 മാർക്ക്) നാലാം റാങ്കുകാരനായി. പെൺകുട്ടികളിലെ ആദ്യ 20 റാങ്കുകാരിൽ നാലുപേർ കേരളത്തിൽനിന്ന് ഇടം പിടിച്ചു.
എസ്. ആയിഷ, എ. ലുലു എന്നിവർക്ക് പുറമെ ദേശീതലത്തിൽ 65ാം റാങ്ക് നേടിയ തെരേസ സോണി (701 മാർക്ക്), 66ാം റാങ്ക് നേടിയ കെ.എസ്. ഫർഹീൻ (701), 97ാം റാങ്ക് നേടിയ ഒ.വി. ഫാത്തിമ ഷംന (700) എന്നിവരും പെൺ നേട്ടപട്ടികയിൽ മുന്നിലെത്തി. ആൺകുട്ടികളിലെ ആദ്യ 20 റാങ്കുകാരിൽ കേരളത്തിൽനിന്ന് സനീഷ് അഹമ്മദ് ഇടംപിടിച്ചു.
ഇതിന് പുറമെ 72ാം റാങ്ക് നേടിയ േജാസഫ് വർഗീസ് (700), 78ാം റാങ്ക് നേടിയ ഷമീൽ കല്ലടി (700) ആദ്യ നൂറിൽ ഇടംപിടിച്ച മലയാളികളിൽ ഉൾപ്പെടുന്നു. സംസ്ഥാനത്ത് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയ 92,911 പേരിൽ 59,404 പേർ യോഗ്യത നേടി. വിജയം 63.94 ശതമാനം.
കേരള റാങ്ക്പട്ടിക രണ്ടാഴ്ചക്കകം
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് പ്രവേശനം നീറ്റ് ഫലത്തെ അടിസ്ഥാനമാക്കി പ്രവേശന പരീക്ഷ കമീഷണർ തയാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നാണ്.
മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായി കമീഷണർക്ക് അപേക്ഷ സമർപ്പിച്ചവരിൽ നിന്ന് നീറ്റ് യോഗ്യത നേടിയവരെയായിരിക്കും പരിഗണിക്കുക. രണ്ടാഴ്ചക്കകം കേരള റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാകുമെന്ന് പ്രവേശനപരീക്ഷ കമീഷണർ എ. ഗീത അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.