നീറ്റ് പി.ജി ജൂൺ 23ന്; അപേക്ഷ മേയ് ആറുവരെ
text_fieldsഇന്ത്യയിൽ മെഡിക്കൽ പി.ജി (എം.ഡി/എം.എസ്/പി.ജി ഡിപ്ലോമ) കോഴ്സുകളിൽ പ്രവേശനത്തിനായുള്ള നാഷനൽ എലിജിബിലിറ്റി കം- എൻട്രൻസ് ടെസ്റ്റ് (നീറ്റ് പി.ജി 2024) ജൂൺ 23ന് നടത്തും. എൻ.ബി.ഇ.എം.എസിനാണ് പരീക്ഷാ ചുമതല. ഡി.എൻ.ബി, 6 വർഷ ഡോ.എൻ.ബി കോഴ്സുകളിലേക്കുള്ള പ്രവേശനവും ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. കേരളത്തിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കും.
ഇന്ത്യയൊട്ടാകെ 259 നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. ആദ്യം അപേക്ഷിക്കുന്നവർക്കാണ് സൗകര്യപ്രദമായ പരീക്ഷാ കേന്ദ്രം ലഭിക്കാൻ സാധ്യത. ‘നീറ്റ് പി.ജി. 2024’ വിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://netboard.edu.in, www.nbe.edu.in എന്നീ വെബ്സൈറ്റുകളിൽനിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷാ ഘടനയും സിലബസും സെലക്ഷൻ നടപടികളുമെല്ലാം വെബ്സൈറ്റിലുണ്ട്. പരീക്ഷാ ഫീസ് ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങൾക്ക് 3500 രൂപ. പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി വിഭാഗങ്ങൾക്ക് 2500 രൂപ മതി. ഓൺലൈനായി മേയ് 6 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അംഗീകൃത എം.ബി.ബി.എസ് ബിരുദവും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. 2024 ആഗസ്റ്റ് 15ന് മുമ്പ് ഇന്റേൺഷിപ് പൂർത്തിയാക്കണം.
‘നീറ്റ് പി.ജി.യിൽ യോഗ്യത നേടുന്നതിന് ജനറൽ/ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിന് 50 പെർസന്റേജിൽ കുറയാതെയും ഒ.ബി.സി, പട്ടികവിഭാഗങ്ങൾക്ക് 40, ഭിന്നശേഷിക്കാർക് 45 പെർസെൈന്റലിൽ കുറയാതെയും കരസ്ഥമാക്കണം. ജൂലൈ 15ന് ഫലപ്രഖ്യാപനമുണ്ടാവും. നീറ്റ് പി.ജി സ്കോറിന് 2024-25 വർഷത്തെ പ്രവേശനത്തിനാണ് പ്രാബല്യം. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നടത്തുന്ന കേന്ദ്രീകൃത ഓൺലൈൻ കൗൺസലിങ് വഴിയാണ് പ്രവേശനം.
എല്ലാ സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 50 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലും സ്റ്റേറ്റ് ക്വോട്ട സീറ്റുകളിലും, രാജ്യത്തെ എല്ലാ മെഡിക്കൽ കോളജുകളിലും സ്ഥാപനങ്ങളിലും സർവകലാശാലകളിലും കൽപിത സർവകലാശാലകളിലും ആംഡ് ഫോഴ്സസ് മെഡിക്കൽ സർവിസസ് സ്ഥാപനങ്ങളിലും മെഡിക്കൽ പി.ജി കോഴ്സുകളിലാണ് പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.