നീറ്റ്-യു.ജി 2024 അപേക്ഷ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
text_fieldsഎം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, ബി.എച്ച്.എം.എസ് എന്നീ മെഡിക്കൽ/ആയുഷ് ബിരുദ കോഴ്സുകളിലേക്കുള്ള നാഷനൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ്-യു.ജി 2024) മേയ് 5ന് നടത്തും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷാചുമതല. വിദേശരാജ്യങ്ങളിൽ മെഡിക്കൽ/ഡെന്റൽ ബിരുദപഠനത്തിന് നീറ്റ്-യു.ജി യോഗ്യത നേടണം.
വിജ്ഞാപനവും ബുള്ളറ്റിനും https://exams.nta.ac.in/NEETൽ. അപേക്ഷാഫീസ് ജനറൽ/എൻ.ആർ.ഐ വിഭാഗത്തിന് 1700 രൂപ. ഇ.ഡബ്ലിയു.എസ്/ഒ.ബി.സി-എൻ.സി.എൽ 1600. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ബി.ഡി/തേർഡ് ജൻഡർ 1000. പ്രോസസിങ് ചാർജും ജി.എസ്.ടിയും കൂടി നൽകേണ്ടതുണ്ട്. മാർച്ച് 9 വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. മാർച്ച് 9 രാത്രി 11.50 വരെ ഫീസടക്കാം. ഓൺലൈനായി ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതി. കൺഫർമേഷൻ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
യോഗ്യത
2024 ഡിസംബർ 31ന് 17 വയസ്സ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. പ്രവാസി ഇന്ത്യക്കാർക്കും വിദേശ വിദ്യാർഥികൾക്കും അപേക്ഷിക്കാം.ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിച്ച് പ്ലസ്ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/പി.ഡബ്ലിയു.ബി.ഡി 40 ശതമാനം മാർക്ക് മതിയാകും.
പരീക്ഷ കേന്ദ്രങ്ങൾ
മേയ് 5 ഞായറാഴ്ച ഉച്ചക്കുശേഷം 2 മുതൽ 5.20. പരീക്ഷാഘടനയും വിശദമായ സിലബസും ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
കേരളത്തിൽ പത്തനംതിട്ട, പയ്യന്നൂർ, വയനാട്, ആലപ്പുഴ/ചെങ്ങന്നൂർ, അങ്കമാലി, എറണാകുളം/മൂവാറ്റുപുഴ, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, ഇടുക്കി നഗരങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. മുൻഗണനാക്രമത്തിൽ നാല് കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം. പരീക്ഷാഫലം ജൂൺ 14ന് പ്രസിദ്ധപ്പെടുത്തും.
അഡ്മിഷൻ
നീറ്റ് യു.ജി 2024 റാങ്കടിസ്ഥാനത്തിൽ മെഡിക്കൽ/ഡെന്റൽ/ആയുഷ് ബിരുദ കോഴ്സുകളിൽ കൗൺസലിങ് വഴിയാണ് അഡ്മിഷൻ. പ്രവേശന മാനദണ്ഡങ്ങൾ അതത് റെഗുലേറ്ററി ബോഡികൾ നിഷ്കർഷിച്ച പ്രകാരമാകു.എം.ബി.ബി.എസ് പ്രവേശനം നാഷനൽ മെഡിക്കൽ കമീഷന്റെയും (www.nmc.org.in) ബി.ഡി.എസ് പ്രവേശനം ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യയും (www.dciindia.gov.in) ചട്ടങ്ങൾക്ക് വിധേയമായാണ്. വിവരങ്ങൾ യഥാസമയം www.mmc.nic.inൽ ലഭിക്കും.
ആയുഷ് കോഴ്സുകളിലേക്ക് (BAMS/BSMS/BUMS) സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിനും (www.ccimindia.rog) BHMS കോഴ്സിലേക്ക് സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതിയും (www.cchindia.com) ആണ് പ്രവേശന നടപടികൾ നിയന്ത്രിക്കുന്നത്. ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റിക്കാണ് (www.aaccc.gov.in) കൗൺസലിങ് ചുമതല.
സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്ക് സംസ്ഥാന പ്രവേശന കമീഷണർ നീറ്റ്-യു.ജി സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകൾ സ്വീകരിച്ച് പ്രത്യേക മെരിറ്റ് ലിസ്റ്റ് തയാറാക്കി അഡ്മിഷൻ നൽകും. നീറ്റ് യു.ജി റാങ്ക് നേടുന്നവർക്ക് മെഡിക്കൽ/ഡന്റൽ ബിരുദ കോഴ്സുകളിൽ 15 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റുകളിലും വിവിധ സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലും രാജ്യത്തെ കേന്ദ്ര സ്ഥാപനങ്ങൾ/സർവകലാശാലകൾ/കൽപിത സർവകലാശാലകൾ/സ്വകാര്യ മെഡിക്കൽ/ഡെന്റൽ കോളജുകൾ എന്നിവിടങ്ങളിലും സെൻട്രൽ പൂൾ ക്വാട്ട സീറ്റുകൾ, എൻ.ആർ.ഐ/മാനേജ്മെന്റ് ക്വാട്ട സീറ്റുകൾ, വിവിധ എയിംസുകൾ, ജിപ്മെർ എന്നിവിടങ്ങളിലും പ്രവേശനം തേടാം.
ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജ് പൂനെ (രജിസ്ട്രേഷന് മാത്രം) രാം മനോഹർ ലോഹിയ ഹോസ്പിറ്റൽ/വർധമാന മഹാവീർ മെഡിക്കൽ കോളജ് ആൻഡ് സഫ്ദർജങ് ഹോസ്പിറ്റൽ, ഇ.എസ്.ഐ.സി മെഡിക്കൽ കോളജുകൾ, ഡൽഹി/ബനാറസ്/അലിഗർ മുസ്ലിം സർവകലാശാലകൾ അടക്കം നിരവധി സ്ഥാപനങ്ങളിലെ എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശനവും നീറ്റ് യു.ജി റാങ്കടിസ്ഥാനത്തിലാണ്. എം.സി.സി കൗൺസലിങ് വഴിയാണ് അഡ്മിഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.