നെറ്റ് പരീക്ഷ വർഷത്തിൽ ഒരിക്കലാക്കണമെന്ന് സി.ബി.എസ്.ഇ
text_fieldsന്യൂഡൽഹി: യൂനിവേഴ്സിറ്റി/കോളജ് അധ്യാപക നിയമനം/ജൂനിയർ റിസർച് ഫെലോഷിപ് എന്നിവക്കായി നടത്തുന്ന നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) വർഷത്തിൽ ഒരിക്കൽ മാത്രമാക്കണമെന്ന് സി.ബി.എസ്.ഇ. പരീക്ഷക്ക് അപേക്ഷകർ കുറവായതിനാലാണ് വർഷത്തിൽ രണ്ടു തവണ നടത്തുന്നത് ഒഴിവാക്കി ഒറ്റത്തവണയാക്കണമെന്ന് ശിപാർശ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ രജിസ്റ്റർ ചെയ്യുന്നതിൽ 17 ശതമാനം പേർ മാത്രമാണ് പരീക്ഷ എഴുതുന്നത്. ഇതിൽതന്നെ നാലു ശതമാനം പേരാണ് യോഗ്യത നേടുന്നത്.
നിലവിൽ ജൂലൈയിലും ഡിസംബറിലുമായി രണ്ടു തവണയായി നടത്തുന്ന പരീക്ഷ ദേശീയതലത്തിൽ ഒറ്റത്തവണ നടത്തുമ്പോൾ വിദ്യാർഥികൾ കൂടുതൽ ജാഗ്രത പാലിക്കുമെന്നും സി.ബി.എസ്.ഇ അഭിപ്രായപ്പെട്ടു. എന്നാൽ, ഇതുസംബന്ധിച്ച ശിപാർശ ശൈശവദശയിലാണെന്നും സി.ബി.എസ്.ഇ വൃത്തങ്ങൾ അറിയിച്ചു.
നീറ്റ്/ജെ.ഇ.ഇ മെയിൻ പരീക്ഷകളുടെ നടത്തിപ്പ് ചുമതലയുള്ളതിനാൽ നെറ്റ് പരീക്ഷ നടത്താൻ കഴിയില്ലെന്ന് സി.ബി.എസ്.ഇ മാനവ വിഭവശേഷി മന്ത്രാലയത്തെ അറിയിച്ചിരുന്നെങ്കിലും ഇത്തവണയും ജൂലൈയിൽ സി.ബി.എസ്.ഇ തന്നെ പരീക്ഷ നടത്തുമെന്ന് യു.ജി.സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സർക്കാറിനു കീഴിലുള്ള പരീക്ഷ നടത്തിപ്പിന് നാഷനൽ ടെസ്റ്റിങ് സർവിസ് എന്ന ശിപാർശ നടപ്പാക്കുന്നതുവരെ നിലവിലുള്ള രീതി തുടരുമെന്നും യു.ജി.സി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.