അനിശ്ചിതത്വം നീങ്ങി; സി.ബി.എസ്.ഇ തന്നെ നെറ്റ് പരീക്ഷ നടത്തും
text_fieldsന്യൂഡൽഹി: നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷ നടത്തുന്നത് സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. ചുമതല സി.ബി.എസ്.ഇക്കുതന്നെയാണെന്നും പരീക്ഷ ജൂലൈയിൽ നടത്തുമെന്നും യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷൻ അറിയിച്ചു. നേരത്തെ എൻജിനീയറിങ്/മെഡിക്കൽ പ്രവേശനത്തിനുള്ള ജെ.ഇ.ഇ -മെയിൻ, നീറ്റ് എന്നിവ നടത്തേണ്ടതിനാൽ നെറ്റ് പരീക്ഷ കൂടി നടത്താൻ കഴിയില്ലെന്ന് സി.ബി.എസ്.ഇ മാനവവിഭവ ശേഷി മന്ത്രാലയത്തെ അറിയിച്ചിരുന്നു.
ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും യൂനിവേഴ്സിറ്റി/ കോളജുകളിൽ അസിസ്റ്റൻറ് പ്രഫസർ നിയമനത്തിനുമായി ജൂലൈയിലും ഡിസംബറിലും വർഷത്തിൽ രണ്ടുതവണയാണ് നെറ്റ് പരീക്ഷ നടത്തുന്നത്. എന്നാൽ, ഇത് അധികഭാരമാണെന്നും നടത്തിപ്പിന് ബുദ്ധിമുട്ടുണ്ടെന്നുമാണ് സി.ബി.എസ്.ഇ മന്ത്രാലയത്തെ അറിയിച്ചത്. മന്ത്രാലയം ഇതുസംബന്ധിച്ച ഒരു നിർദേശവും പുറപ്പെടുവിക്കാത്തതിനാൽ ജൂലൈയിൽ നടത്തേണ്ട പരീക്ഷക്ക് സി.ബി.എസ്.ഇ ഇതുവരെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നില്ല.
നെറ്റ് പരീക്ഷ നടത്തിപ്പിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർഥികൾ കഴിഞ്ഞ ആഴ്ച യു.ജി.സിക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞ ദിവസം മാനവ വിഭവശേഷി മന്ത്രാലയം ഉദ്യോഗസ്ഥരുമായി ചർച്ച നടന്നെന്നും കാലതാമസമില്ലാതെ ജൂലൈയിൽതന്നെ പരീക്ഷ നടത്തുമെന്നും യു.ജി.സി ഉദ്യോഗസ്ഥനാണ് അറിയിച്ചത്.
സർക്കാറിന് കീഴിലുള്ള എല്ലാ പരീക്ഷയും നടത്തുന്നതിന് നാഷനൽ ടെസ്റ്റിങ് സർവിസ് (എൻ.ടി.എസ്) എന്ന ശിപാർശ നടപ്പാക്കുന്നതുവരെ സി.ബി.എസ്.ഇ തന്നെ പരീക്ഷ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 2014 വരെ യു.ജി.സിയായിരുന്നു നെറ്റ് പരീക്ഷ നടത്തിയിരുന്നത്. പിന്നീട് സി.ബി.എസ്.ഇക്ക് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.