കർണാടക എൻ.ഐ.ടി പൂർവ വിദ്യാർഥി ഹിമാൻഷുവിന് യു.പി.എസ്.സി എൻജിനീയറിങ് സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക്
text_fieldsയു.പി.എസ്.സി 2024ൽ നടത്തിയ ഇന്ത്യൻ എൻജിനീയറിങ് സർവീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. കർണാടക എൻ.ഐ.ടി പൂർവ വിദ്യാർഥിയായിരുന്ന ഹിമാൻഷു തപ്‍ലിയാലിന് ആണ് ഒന്നാം റാങ്ക്. 2023ലാണ് എൻ.ഐ.ടിയിൽ നിന്ന് ഹിമാൻഷു നാനോ ടെക്നോളജിയിൽ എം.ടെക് ബിരുദം നേടിയത്.
ഉത്തരാഖണ്ഡിൽ ജനിച്ച ഹിമാൻഷു ലഖ്നോവിലാണ് വളർന്നത്. ജെ.ഇ.ഇ പരീക്ഷയിൽ 5,83,000 ആയിരുന്നു റാങ്ക്. കഠിനാധ്വാനമാണ് തന്റെ ഉജ്വല വിജയത്തിന് പിന്നിലെ രഹസ്യമെന്ന് ഹിമാൻഷു പറയുന്നു. എൻ.പി.എസ്.ഇ.ഐ പിത്തോറാഗഡിൽ നിന്നാണ് ബി.ടെക് ബിരുദം നേടിയത്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ആയിരുന്നു വിഷയം. ഗേറ്റിൽ ഉയർന്ന സ്കോർ നേടിയ ഹിമാൻഷുവിന് കർണാടക എൻ.ഐ.ടിയിൽ പ്രവേശനം ലഭിച്ചു. ഇന്ത്യൻ ടെലികോം സർവീസിൽ ചേരാനാണ് ഹിമാൻഷുവിന് താൽപര്യം.
''ആദ്യകാലത്ത് ജീവിതത്തിൽ എന്താകണമെന്ന് തീരുമാനിക്കുക എന്നത് എന്നെ സംബന്ധിച്ച് വളരെ വിഷമം പിടിച്ച ഒന്നായിരുന്നു. എൻ.ഐ.ടിയിൽ എത്തിയതാണ് ജീവിതത്തിൽ വഴിത്തിരിവായത്. വൈവിധ്യമാർന്ന അന്തരീക്ഷമായിരുന്നു അവിടെ. വ്യത്യസ്ത തലങ്ങളിലുള്ള സുഹൃത്തുക്കളെ അവിടെ നിന്ന് കിട്ടി. അതോടെ എന്റെ വഴി എന്തെന്ന് കൃത്യമായി മനസിലാക്കാൻ സാധിച്ചു. എന്റെ ചിന്തയെയും തീരുമാനങ്ങളെയും രൂപപ്പെടുത്തിയെടുക്കുന്നതിൽ എൻ.ഐ.ടി വളരെ വലിയ പങ്കുവഹിച്ചു.''-ഹിമാൻഷു പറയുന്നു.
പഠനത്തിനൊപ്പം യു.പി.എസ്.സി പരീക്ഷക്ക് തയാറെടുക്കുന്നതും ബുദ്ധിമുട്ടേറിയ ഒന്നായിരുന്നുവെന്നും ഹിമാൻഷു പറഞ്ഞു. തന്റെ വിജയത്തിൽ അച്ഛൻ ശംഭുവിനും അമ്മ ലക്ഷ്മിക്കും ഹിമാൻഷു പ്രത്യേകം നന്ദി പറയുന്നുണ്ട്. മികച്ച വിജയം നേടിയ ഹിമാൻഷുവനെ കർണാടക എൻ.ഐ.ടി ഡയറക്ടർ ബി. രവി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.