സി.യു.ഇ.ടി-യു.ജി പുനഃപരീക്ഷ ജൂലൈ19ന്
text_fieldsസി.യു.ഇ.ടി-യു.ജി പരീക്ഷകളെ കുറിച്ച് ചില വിദ്യാർഥികൾ ഉന്നയിച്ച പരാതി ശരിയെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ അവർക്ക് പുനഃപരീക്ഷ നടത്തുമെന്ന് ദേശീയ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). ജൂലൈ 19 നാണ് പുനഃപരീക്ഷ. അവരുടെ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാം. ജൂൺ 30വരെ നൽകിയ പരാതികളാണ് പരിഗണിച്ചത്. ചില പരീക്ഷാ കേന്ദ്രങ്ങളിൽ സമയനഷ്ടം, സാങ്കേതിക തകരാറുകൾ തുടങ്ങിയ പരാതികളാണ് ലഭിച്ചത്.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ 011-40759000/011-69227700 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. പരീക്ഷ സംബന്ധ വിവരങ്ങൾക്ക് www.nta.ac.in, https://exams.nta.ac.in/CUET-UG/ എന്നീ വെബ്സൈറ്റ് സന്ദർശിക്കുക.
നേരത്തെ നടന്ന പരീക്ഷയുടെ ഉത്തര സൂചിക എൻ.ടി.എ പുറത്തുവിട്ടിട്ടുണ്ട്. വൈകാതെ പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. നീറ്റ്, നെറ്റ് അടക്കം പരീക്ഷകൾ സംബന്ധിച്ച് വ്യാപക പരാതികളുയരുകയും നെറ്റ് പരീക്ഷ റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സി.യു.ഇ.ടി-യു.ജി ഫലപ്രഖ്യാപനം വൈകിയത്.
രാജ്യത്താദ്യമായി ഹൈബ്രിഡ് രീതിയിൽ നടത്തിയ പരീക്ഷ ഡൽഹിയിൽ തലേന്ന് രാത്രി റദ്ദാക്കിയിരുന്നു. ഇവിടെ പിന്നീട് പരീക്ഷ നടന്നു. 15 വിഷയങ്ങൾക്ക് എഴുത്തുപരീക്ഷയും മറ്റു 48 വിഷയങ്ങൾക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുമാണ് നടന്നത്. രാജ്യത്തെ 261 കേന്ദ്ര, സംസ്ഥാന, ഡീംഡ് യൂനിവേഴ്സിറ്റികളിൽ പ്രവേശനത്തിനായി 13.4 ലക്ഷം വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.