പുതിയ ഉത്തരസൂചികയിൽ പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം തുടങ്ങി
text_fieldsതിരുവനന്തപുരം: വിദഗ്ധസമിതി ഭേദഗതി വരുത്തി നൽകിയ ഉത്തര സൂചിക ഉപയോഗിച്ച് പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം തുടങ്ങി. പഴയ സൂചിക ഉപയോഗിച്ച് മൂല്യനിർണയം നടത്തിയ വീണ്ടും പുതിയ സൂചിക ഉപയോഗിച്ച് മൂല്യനിർണയം നടത്തും.
28000ത്തോളം പേപ്പറുകൾ പഴയ സൂചികയിൽ മൂല്യനിർണയം നടത്തിയിരുന്നു. ഉത്തരസൂചികയിലെ അപാകതയെച്ചൊല്ലി മൂന്ന് ദിവസം അധ്യാപകർ കൂട്ടത്തോടെ കെമിസ്ട്രി മൂല്യനിർണയം ബഹിഷ്കരിച്ചിരുന്നു. ഉത്തരസൂചികയിൽ അപാകതയില്ലെന്ന് ആദ്യം വാദിച്ച വിദ്യാഭ്യാസ വകുപ്പ് ബഹിഷ്കരണം നടത്തിയ അധ്യാപകർക്കെതിരെ നടപടി ഭീഷണി മുഴക്കി. എന്നാൽ, ബഹിഷ്കരണം തുടർന്നതോടെയാണ് ഉത്തരസൂചിക പരിശോധിക്കാൻ തയാറായത്. വിദഗ്ധസമിതി ഭേദഗതികളോടെ സമർപ്പിച്ച ഉത്തര സൂചികയിൽ 18 ചോദ്യങ്ങളുടെ ഉത്തരങ്ങളിൽ ഭേദഗതി വരുത്തി. ചോദ്യകർത്താവ് നൽകിയ ഉത്തരസൂചികയെ അപേക്ഷിച്ച് എട്ട് മാർക്കുവരെ കുട്ടികൾക്ക് അധികമായി ലഭിക്കാൻ സഹായിക്കുന്നതാണ് പുതിയ സൂചിക.
തെറ്റുള്ള ചോദ്യത്തിന് എല്ലാവർക്കും മാർക്ക് നൽകും. അതേസമയം, വിദഗ്ധസമിതി തയാറാക്കിയ സൂചിക പുറത്തുവന്നതോടെ പിഴവുള്ള ചോദ്യപേപ്പറും ഉത്തരസൂചികയും തയാറാക്കിയ അധ്യാപകനെതിരെ നടപടി വേണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. വിദ്യാർഥികൾക്ക് അനർഹമായി മാർക്ക് നേടാൻ വഴിയൊരുക്കുന്ന 12 അധ്യാപകർക്ക് നേരത്തേ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
എന്നാൽ, ചോദ്യപേപ്പറിലും അതോടൊപ്പം ചോദ്യകർത്താവ് നൽകിയ ഉത്തരസൂചികയിലും പിഴവുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ ഈ അധ്യാപകനെതിരെ നടപടി വേണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. കൊല്ലം ജില്ലയിൽനിന്നുള്ള അധ്യാപകനാണ് ചോദ്യപേപ്പറും ഉത്തരസൂചികയും സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.