പ്ലസ് ടു പ്രായോഗിക പരീക്ഷ നടത്തിപ്പ്: സർക്കാർ പുനഃരാലോചിക്കണമെന്ന് എഫ്.എച്ച്.എസ്.ടി.എ
text_fieldsകോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15% ത്തിലേക്ക് അടുക്കുന്നതിനാലും ഏപ്രിൽ 28 മുതൽ ആരംഭിക്കാനിരിക്കുന്ന പ്ലസ് ടു പ്രായോഗിക പരീക്ഷകൾ കുട്ടികളിലും അധ്യാപകരിലും ആശങ്ക സൃഷ്ടിച്ചിരിക്കുന്നതായി ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷൻ.
ഇതിനു മുന്നോടിയായി ഏപ്രിൽ 23ന് ജില്ല കേന്ദ്രങ്ങളിൽ ചേരുന്ന അധ്യാപകരുടെ യോഗങ്ങൾ കോവിഡ് വ്യാപന സാധ്യത വർധിപ്പിക്കും. ഫിസിക്സ്, കെമിസ്ടി, കണക്ക് പോലുള്ള വിഷയങ്ങളിൽ 200 മുതൽ 250 വരെ അധ്യാപകർ ഒരോ റൂമിലും തിങ്ങി നിറഞ്ഞിരിക്കേണ്ടി വരുമെന്നതിനാൽ ഈ യോഗം ഓൺലൈൻ വഴിയാക്കുന്നതാണ് ഉചിതം.
ഈ അക്കാദമിക വർഷം പ്രാക്ടിക്കൽ ക്ലാസുകൾ ഫലപ്രദമായി സ്കൂളുകളിൽ നടന്നിട്ടില്ല എന്നതും എല്ലാ കുട്ടികൾക്കും സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചിട്ടില്ല എന്നതും വസ്തുതയാണ്. ഈ സാഹചര്യത്തിൽ പ്രായോഗിക പരീക്ഷ അപ്രസക്തമാണ്.
പ്രായോഗിക പരീക്ഷ നടത്തുമ്പോൾ പല ഉപകരണങ്ങളും പരസ്പരം കൈമാറ്റം ചെയ്യേണ്ടി വരുന്നു. കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രായോഗിക പരീക്ഷകൾ ഇേന്റണൽ പരീക്ഷകളാക്കി മാറ്റുന്നതിനും മറ്റുമുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി അടിയന്തിരമായി അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേർക്കണമെന്ന് ഭാരവാഹികളായ ആർ. അരുൺകുമാർ, അനിൽ എം. ജോർജ്ജ്, ഡോ. ജോഷി ആൻറണി, കെ.ടി. അബ്ദുൽ ലത്തീഫ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.