‘തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തിൽ, ഞാൻ അവനെ മാത്രമേ വിളിച്ചുള്ളൂ...’ ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി പ്രധാനാധ്യാപകൻ
text_fieldsപത്താംക്ലാസ് പരീക്ഷാഫലം വന്നതോടെ എല്ലാവരും ആഘോഷത്തിലായിരുന്നു. എ പ്ലസോടെ വിജയിച്ചവരെല്ലാം മതിമറന്നാഘോഷിച്ചു. എന്നാൽ, തോൽവിയുടെ കണ്ണീർ പൊഴിഞ്ഞ മുഖങ്ങളെ നമുക്ക് കാണാനായോ. അവരെ ആശ്വസിപ്പിക്കാൻ കഴിഞ്ഞോ... 435 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ വടകര മടപ്പള്ളിയിലെ ജി.വി.എച്ച്.എസ്.എസിൽ നിന്ന് ഒരു കുട്ടി മാത്രം ജയിച്ചില്ല. ഫലം വന്ന ദിവസം സ്കൂളിലെ പ്രധാനാധ്യാപകൻ വി.പി. പ്രഭാകരൻ മാസ്റ്റർ വിളിച്ചത് അവനെ മാത്രമാണ്.
വിജയിച്ച 434 പേരിൽ ഒരാളെയും വിളിക്കാതെ അധ്യാപകൻ തോറ്റ കുട്ടിയെ വിളിച്ചു. അവനോടൊപ്പം തോറ്റു പോയത് നമ്മൾ കൂടിയാണല്ലോയെന്ന് അദ്ദേഹം പറയുന്നു. നമ്മുടെ നോട്ടവും കരുതലും സ്നേഹവുമാണല്ലോ ഒരു കുട്ടിയെ വിജയിപ്പിക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിക്കുകയാണ്...
പ്രഭാകരൻ മാസ്റ്ററുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...
തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തിൽ. ഞാൻ അവനെ മാത്രമേ വിളിച്ചുള്ളൂ. വിജയിച്ച 434 പേരിൽ ഒരാളെയും വിളിക്കാതെ. കാരണം അവനോടൊപ്പം തോറ്റയാളിൽ ഒരാളാണ് ഞാനും. ഇപ്രാവശ്യം ആരും തോല്ക്കുമെന്ന് കരുതിയിരുന്നില്ല. തോല്ക്കുമെന്ന് കരുതിയവരെ നാം കൂടെ കൊണ്ടു നടന്നു. അതിൽ അക്ഷരം ശരിക്കെഴുതാൻ അറിയാത്തവരുമുണ്ടായിരുന്നു. അവരോട് കാണിച്ച കരുതൽ , സ്നേഹം പൂർണമായും അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞു.
പരാജയഭീതിയിൽ വെളിച്ചമറ്റ കണ്ണുകളിൽ കണ്ടതിളക്കം, ലൈബ്രറി മുറിയിൽ പോകുമ്പോഴൊക്കെ ഞാൻ തിരിച്ചറിഞ്ഞു. എന്തൊരു സ്നേഹത്തോടെയാണ് ടീച്ചർമാർ അവരോട് പെരുമാറിയിരുന്നത്. ഒരുപക്ഷേ ആ കുട്ടികൾ ജീവിതത്തിൽ ഈ സ്നേഹം മുമ്പ് അനുഭവിച്ചിട്ടുണ്ടാവില്ല. ഇത്ര സ്റ്റേഹവും കരുതലും നല്കാൻ ടീച്ചർക്ക് ഇതിനു മുമ്പ് ഒരവസരം ലഭിച്ചിട്ടുമുണ്ടാവില്ല. പരീക്ഷാ ദിനങ്ങളിൽ ഇവർ ഇരിക്കുന്ന ക്ലാസ് മുറികളിൽ പോവുമ്പോൾ അവരുടെ കണ്ണുകളിൽ തെളിഞ്ഞ നന്ദി സൂചകമായ നനവിൻ്റെ തിളക്കം. അവരുടെ അടുത്ത് പോയി തോളിൽ തട്ടി പ്രശ്നമൊന്നുമില്ലല്ലോ എന്നു പറഞ്ഞപ്പോൾ നോക്കിയ നോട്ടത്തിലെ സ്നേഹം.
എനിക്ക് ഇപ്പോൾ തോന്നുകയാണ്, തോറ്റുപോയ ആ മോനും ഒരു പക്ഷേ എന്നെ നോക്കിയിട്ടുണ്ടാവാം. ഞാനത് കണ്ടില്ലല്ലോ? നമ്മുടെ നോട്ടത്തിൽ നിന്ന് കരുതലിൽ നിന്ന് സ്നേഹത്തിൽ നിന്ന് വിട്ടു പോയ ഒരു കുട്ടി. ഇന്നു വിളിച്ചപ്പോൾ പറഞ്ഞു: സാർ ഞാൻ ജയിക്കുമെന്ന് തന്നെയാണ് കരുതിയത്. വീട്ടിൽ ഉമ്മയില്ലേ എന്ന് ചോദിച്ചപ്പോൾ അവർ അടുത്ത വീട്ടിലാണെന്ന് പറഞ്ഞു. കുറച്ച്കഴിഞ്ഞപ്പോൾ ഉമ്മ തിരിച്ചുവിളിച്ചു: എൻ്റെ മോൻ മാത്രം തോറ്റു പോയി. പരീക്ഷ കഴിഞ്ഞപ്പോൾ അവൻ ജയിക്കുമെന്നാണ് എന്നോട് പറഞ്ഞത്.
ജയവും തോൽവിക്കുമിടയിൽ എന്താണുള്ളത്? വെറുതെ ചിന്തിച്ചു പോയി. നമ്മുടെ കരുതലിൻ്റെ എന്തെങ്കിലും ഒരു കുറവ്? അവനോടൊപ്പം തോറ്റു പോയത് നമ്മൾ കൂടിയാണല്ലോ. റീ വാല്വേഷനൽ അവൻ ജയിക്കുമായിരിക്കും. അല്ലെങ്കിൽ സേ പരീക്ഷയിൽ. നൂറ് ശതമാനം ലഭിക്കുമ്പോഴാണ് എല്ലാ വിജയങ്ങളും ആഘോഷമാവുന്നത്. പക്ഷേ പരീക്ഷകളിൽ പരാജയപ്പെട്ട എത്രയോ പേർ പിന്നീട് ജീവിതത്തിൽ വലിയ വിജയം ആഘോഷിച്ചിട്ടുണ്ട് എന്നും നമുക്കറിയാം . ഞാൻ അവനോട് പറഞ്ഞു, സാരമില്ല, നീ നാളെ സ്ക്കൂളിൽ വാ. അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: വരാം സാർ. ഫോണിനപ്പുറത്ത് അവൻ്റെ മുഖം എനിക്ക് ശരിക്കും കാണാമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.