ഓൺലൈൻ ക്ലാസ് മാത്രം ലഭിച്ച പ്ലസ് വൺ വിദ്യാർഥികൾക്ക് പൊതു പരീക്ഷ നടത്തരുതെന്ന് പ്രിൻസിപ്പൽസ് അസോസിയേഷൻ
text_fieldsതിരുവനന്തപുരം: ഓൺലൈൻ വഴിമാത്രം ക്ലാസുകൾ ലഭിച്ച ഹയർ സെക്കണ്ടറി പ്ലസ് വൺ വിദ്യാർഥികൾക്ക് സെപ്റ്റമ്പർ ആദ്യവാരത്തിൽ പൊതു പരീക്ഷ നടത്തരുതെന്ന് കേരളാ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ. പാo ഭാഗങ്ങൾ ഓൺ ലൈൻ വഴി തീർക്കുകയും പരീക്ഷക്കായി ഫോക്കസ് ഏരിയ നൽകുകയും എല്ലാം ചെയ്തിട്ടുണ്ടങ്കിലും നേരിട്ട് ക്ലാസ് കിട്ടാതെയും ഒരു മോഡൽ പരീക്ഷയെങ്കിലും എഴുതാതേയും പ്ലസ് വൺ പരീക്ഷയെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം ബഹുഭൂരിപക്ഷം കുട്ടികൾക്കുമായിട്ടില്ല. കഴിഞ്ഞ വർഷം രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് കോവിഡ് മാനദണ്ഡമനുസരിച്ച് 2 മാസത്തോളം നേരിട്ട് സ്ക്കൂളിലെത്തി സംശയ നിവാരണ ക്ലാസിനും മോഡൽ പരീക്ഷക്കും അവസരമൊരുക്കിയാണ് സർക്കാർ കുറ്റമറ്റ രീതിയിൽ സമയബന്ധിതമായി പരീക്ഷ നടത്തിയതെന്നും അസോസിയേഷൻ അറിയിച്ചു.
ഹയർ സെക്കണ്ടറി കോഴ്സിൽ ഒന്നും രണ്ടും വർഷത്തെ മാർക്കുകൾ ഒന്നിച്ച് കണക്കാക്കി ഗ്രേഡ് തീരുമാനിക്കുന്നതിനാൽ ഏറെ നിർണ്ണായകമാണ് ഒന്നാം വർഷ പരീക്ഷ. അഭിനന്ദനാർഹമായ രീതിയിൽ സർക്കാറും അധ്യാപകരും ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്തതിട്ടുണ്ടങ്കിലും മിടുക്കരായ ചുരുക്കം ചിലർ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം തികഞ്ഞ നിസംഗതയിലാണ്. കോവിഡ് പശ്ചാത്തലത്തിൽ മാനസികാരോഗ്യ വെല്ലുവിളി നേരിടുന്ന കൗമാരക്കാർക്ക് ഇത് കനത്ത പ്രയാസം സൃഷ്ടിക്കുന്നു. ഇക്കാര്യത്തിൽ വിദ്യാർഥികളുടേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും ആശങ്കയകറ്റണം. അതല്ലാതെ നടത്തുന്ന പരീക്ഷ കേവേലം പ്രഹസനം മാത്രമാവും.
ലക്ഷ കണക്കിന് വിദ്യാർഥികളുടെ ഭാവിയുടെ പ്രശ്നമായ ഇക്കാര്യത്തിൽ സർക്കാറിന്‍റെ ഗൗരവകരമായ ഇടപെടലുകൾ ഉണ്ടാവണം. രണ്ട് മാസമെങ്കിലും നേരിട്ടുള്ള സംശയ നിവാരണ ക്ലാസും ഒരു മോഡൽ പരീക്ഷയും നടത്തിയേ പ്ലസ് വൺ പൊതു പരീക്ഷ നടത്താവൂ എന്ന് കേരളാ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ ഡോ. എൻ . സക്കീർ സൈനുന്ധീൻ , മാർട്ടിൻ എറണാകുളം , അഹമ്മദ് കബീർ കോഴിക്കോട് എന്നിവർ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് സംഘടന വിദ്യാഭ്യാസമന്ത്രിക്കും പൊതു വിദ്യാഭ്യാസ സെക്രട്ടറിക്കും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും നിവേദനം അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.