പ്രവാസികൾക്ക് തിരിച്ചടി;‘നീറ്റിന്’കുവൈത്തിൽ പരീക്ഷ സെന്ററില്ല
text_fieldsകുവൈത്ത് സിറ്റി: മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രസ് ടെസ്റ്റ് (നീറ്റ്) പരീക്ഷക്ക് ഇന്ത്യക്ക് പുറത്ത് കേന്ദ്രങ്ങളില്ലാത്തത് കുവൈത്ത് പ്രവാസികൾക്കും തിരിച്ചടിയായി.
പരീക്ഷക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനൊപ്പം പ്രസിദ്ധീകരിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്നാണ് കുവൈത്ത് അടക്കമുള്ള ഇന്ത്യക്ക് പുറത്തെ കേന്ദ്രങ്ങളെല്ലാം ഒഴിവായത്. ഇന്ത്യയിലെ 554 നഗരങ്ങളിലായി 5000ത്തോളം പരീക്ഷാ കേന്ദ്രങ്ങളാണ് ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷം ആറ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് 12 രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിലായി ഒമ്പത് കേന്ദ്രങ്ങളിലായി അയ്യായിരത്തിലേറെ വിദ്യാർഥികളാണ് കഴിഞ്ഞ വർഷം പരീക്ഷയെഴുതിയത്. കുവൈത്തിൽ നാനൂറോളം വിദ്യാർഥികൾ കഴിഞ്ഞ വർഷം പരീക്ഷ എഴുതി. ഈ വർഷം കൂടുതൽ വിദ്യാർഥികൾ പരീക്ഷക്ക് ഒരുങ്ങുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇല്ലെന്ന റിപ്പോർട്ട്.
പ്രവാസികളുടെ ആവശ്യങ്ങളെ തുടർന്ന് മൂന്നു വർഷം മുമ്പാണ് കുവൈത്തിൽ ആദ്യമായി നീറ്റ് പരീക്ഷക്ക് സെന്റർ അനുവദിച്ചത്. ഇന്ത്യക്ക് പുറത്ത് നീറ്റ് പരീക്ഷ സെന്റർ ലഭിച്ച ആദ്യത്തെ രാജ്യമായിരുന്നു കുവൈത്ത്. കുവൈത്തിലെ അന്നത്തെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് നടത്തിയ ഇടപെടലാണ് ഇതിന് കാരണമായത്.
ആദ്യ വര്ഷം ഇന്ത്യൻ എംബസിയിലും തുടര്ന്ന് സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലുമായിരുന്നു പരീക്ഷ നടത്തിയത്. കഴിഞ്ഞ വർഷം അബ്ബാസിയയിലെ ഇന്ത്യൻ എജുക്കേഷൻ സ്കൂളിലായിരുന്നു പരീക്ഷ.
സർക്കാർ- സ്വകാര്യ കോളജുകളിൽ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുവേണ്ടിയുള്ള പ്രവേശന പരീക്ഷയാണ് നീറ്റ്.
വിദേശരാജ്യങ്ങളിലെ സെൻററുകളെ വെട്ടിയത് സംബന്ധിച്ച് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.എ.ടി) അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. കുവൈത്തിലെ പരീക്ഷ സെന്റർ ഒഴിവാക്കിയത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഉടൻ തന്നെ ഇവ പുന:സ്ഥാപിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിക്കും എന്ന പ്രതീക്ഷയിലാണ് കുവൈത്ത് പ്രവാസികൾ.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും തിരിച്ചടി
കുവൈത്ത് സിറ്റി: മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രസ് ടെസ്റ്റ് (നീറ്റ്) പരീക്ഷക്ക് കുവൈത്തിലെ പരീക്ഷ സെന്റർ ഒഴിവാക്കുന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും തിരിച്ചടിയാകും.
പരീക്ഷക്കുവേണ്ടി മാത്രം നാട്ടിൽ പോയിവരുക എന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ പ്രയാസം തീർക്കുന്ന ഒന്നാണ്. മക്കളെ മാത്രം നാട്ടിലേക്ക് അയക്കാൻ കഴിയില്ല. കൂടെ രക്ഷിതാവും പോകേണ്ടിവരും. കുവൈത്തിൽ ജോലിയും മറ്റുമുള്ള രക്ഷിതാക്കൾക്ക് പെട്ടെന്ന് ലീവ് കിട്ടാനും പ്രയാസമാകും. മറ്റു കുട്ടികൾ ഉള്ളവരാണെങ്കിൽ അവർക്ക് സ്കൂൾ ഉള്ളതിനാൽ അതും പ്രയാസമാകും.
നീണ്ട യാത്ര നടത്തി നാട്ടിൽ ചെന്ന് പരീക്ഷ എഴുതുന്നത് നീറ്റ് എഴുതുന്ന വിദ്യാർഥികൾക്കും പ്രയാസം തീർക്കും. കുവൈത്തിൽ കഴിഞ്ഞ വർഷം 400 ഓളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇത്തവണ അതിലും കൂടിയേക്കാം. ഇവർ എല്ലാവരും ഒരേസമയം നാട്ടിൽ എത്തുന്നതുതന്നെ പ്രയാസകരമാണ്.
വിദ്യാർഥികൾ പലരും പരീക്ഷ എഴുതുന്നതിൽ നിന്ന് പിന്മാറാനും കുവൈത്തിലെ സെന്റർ പിൻവലിച്ച തീരുമാനം കാരണമായേക്കും. വിദ്യാർഥികളുടെ ഗുണകരമായ ഭാവി മുന്നിൽ കണ്ട് കുവൈത്തിലെ പരീക്ഷ സെന്റർ നിലനിർത്തണം -ജാസിറ സിദ്ദീഖ് (രക്ഷിതാവ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.