സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ പരീക്ഷകൾ ഓഫ്ലൈൻ ആയി തന്നെ നടക്കും; 'ഹൈബ്രിഡ്' ആക്കാനാകില്ലെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: 10,12 ക്ലാസുകളുടെ ബോർഡ് പരീക്ഷയിൽ ഓഫ്ലൈൻ പരീക്ഷക്ക് പകരം 'ഹൈബ്രിഡ്' രീതിയിലുള്ള പരീക്ഷ നടത്തണമെന്ന് സി.ബി.എസ്.ഇക്കും സി.ഐ.എസ്.സി.ഇക്കും നിർദേശം നൽകാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഈ ഘട്ടത്തിൽ പരീക്ഷ രീതിയെ തടസപ്പെടുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി.
സി.ബി.എസ്.ഇ ടേം ഒന്ന് പരീക്ഷ ഇതിനകം തുടങ്ങിയതും സി.ഐ.എസ്.സി.ഇ ഒന്നാം സെമസ്റ്റർ പരീക്ഷ നവംബർ 22ന് തുടങ്ങാനിരിക്കുന്നതും കോടതി സൂചിപ്പിച്ചു. ഓഫ്ലൈൻ ആയി പരീക്ഷ നടത്താൻ എല്ലാ തയാറെടുപ്പുകളും പൂർത്തിയാവുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ജസ്റ്റിസുമാരായ എ.എം.ഖാൻവിൽകർ, സി.ടി.രവികുമാർ എന്നിവരുടെ ബെഞ്ചിനെ അറിയിച്ചു.
പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം 6,500ൽ നിന്ന് 15,000 ആയി വർധിപ്പിച്ചിട്ടുണ്ട്. പരീക്ഷക്കിടെ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ അധികൃതർ ജാഗ്രത പുലർത്തുമെന്ന് കരുതുകയാണെന്ന് ബെഞ്ച് പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ പരീക്ഷ 'ഹൈബ്രിഡ്' രീതിയിൽ നടത്തണമെന്നാവശ്യപ്പെട്ട് ആറു വിദ്യാർഥികൾ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
വിദ്യാഭ്യാസ സമ്പ്രദായത്തെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങൾ ചെയ്യരുതെന്ന് വിദ്യാർഥികളുടെ അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെയോട് ബെഞ്ച്പറഞ്ഞു. ഈ അവസാന ഘട്ടത്തിൽ ഒന്നും ചെയ്യാനാകില്ലെന്നും കോടതി തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.