എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകള് മാറ്റിവെക്കണം; തെരഞ്ഞെടുപ്പ് കമീഷനോട് സംസ്ഥാന സര്ക്കാര്
text_fieldsതിരുവനന്തപുരം: ഒരാഴ്ച കഴിഞ്ഞ് ആരംഭിക്കാനിരിക്കുന്ന എസ്.എസ്.എൽ.സി, രണ്ടാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മാറ്റാൻ സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമീഷെൻറ അനുമതി തേടി. പരീക്ഷ മാറ്റരുതെന്ന വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും ആവശ്യം അവഗണിച്ചാണ് ഇതുസംബന്ധിച്ച അപേക്ഷ കമീഷന് സമർപ്പിച്ചത്.
ഇതോടെ മോഡൽ പരീക്ഷ തിങ്കളാഴ്ച അവസാനിച്ചിട്ടും പൊതുപരീക്ഷ നടത്തിപ്പിൽ സർക്കാർതന്നെ അനിശ്ചിതത്വം സൃഷ്ടിച്ചു. മാർച്ച് 17ന് പരീക്ഷ ആരംഭിക്കാനിരിക്കെയാണ് എട്ട് ലക്ഷത്തിലേറെ വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും സർക്കാർ ആശങ്കയിലാക്കിയത്. പരീക്ഷമാറ്റം ഉന്നയിച്ച് സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എ നൽകിയ നിവേദനത്തിലാണ് ഇതുസംബന്ധിച്ച ചർച്ച ഉയരുന്നതും സർക്കാർ തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ അനുമതി തേടുന്നതും.
പരീക്ഷമാറ്റം സംബന്ധിച്ച അനുമതി തേടിയുള്ള ഫയൽ തിങ്കളാഴ്ചയാണ് ലഭിച്ചതെന്നും എല്ലാവശങ്ങളും പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂവെന്നും മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ അനുമതിക്കനുസൃതമായി മാത്രമേ തീരുമാനമെടുക്കൂവെന്നാണ് സൂചന. ഇതിനായി ഫയൽ കേന്ദ്ര കമീഷന് കൈമാറിയേക്കും. പരീക്ഷമാറ്റത്തിന് അനുമതി ലഭിച്ച ശേഷമേ പരീക്ഷ നടത്തേണ്ടത് ഏപ്രിലിലോ മേയിലോ എന്ന് തീരുമാനിക്കൂ.
പരീക്ഷ മാറ്റുന്നതിന് രണ്ട് നിർദേശങ്ങളാണ് സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ഏപ്രിൽ രണ്ടാംവാരത്തിൽ പരീക്ഷ തുടങ്ങുകയോ അല്ലെങ്കിൽ മേയിൽ സി.ബി.എസ്.ഇ പരീക്ഷക്ക് സമാന്തരമായോ നടത്തുക. ഏപ്രിൽ പതിമൂന്നിനോ പതിനാലിനോ റമദാൻവ്രതം തുടങ്ങുന്നതിനാൽ പരീക്ഷ നടത്തരുതെന്ന ആവശ്യം ഇതിനകം ഉയർന്നിട്ടുണ്ട്.
ഏപ്രിലിൽ പരീക്ഷ നടത്താനായില്ലെങ്കിൽ മേയിൽ നടത്തുക എന്നതാണ് സർക്കാറിെൻറ രണ്ടാമത്തെ നിർദേശം. പരീക്ഷ മാറ്റരുതെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനകൾ മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർക്ക് കത്ത് നൽകി. കെ.പി.എസ്.ടി.എ, കെ.എസ്.ടി.യു, എ.എച്ച്.എസ്.ടി.എ, ഫെഡേറഷൻ ഒാഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളാണ് കത്ത് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.