ഒമിക്രോൺ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റില്ല -മന്ത്രി
text_fieldsതിരുവനന്തപുരം: ഒമിക്രോൺ ഭീതിയുടെ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂൾ പൊതുപരീക്ഷകൾ മാറ്റാൻ ആലോചനയില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആരോഗ്യവകുപ്പുമായി ആലോചിച്ചാണ് പരീക്ഷ തീയതി തീരുമാനിച്ചത്. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയും രണ്ടാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയും നടത്താനാണ് തീരുമാനം.
പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യമന്ത്രി
ഒമിക്രോണ്‍ കേസുകള്‍ സംസ്ഥാനത്ത് കൂടിവരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പുതുവര്‍ഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടകള്‍, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണം. കേരളത്തിൽ ഇതുവരെ 63 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഗുരുതരാവസ്ഥ കുറവാണെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന കോവിഡിെൻറ ജനിതക വകഭേദമാണ് ഒമിക്രോണ്‍. വ്യാപനം വളരെ കൂടുതലായതിനാല്‍ സംസ്ഥാനത്തെ സംബന്ധിച്ച് അത് വളരെ നിര്‍ണായകമാണ്. വയോജനങ്ങളും അനുബന്ധ രോഗങ്ങളുള്ളവരും ഇവിടെ കൂടുതലുള്ളതിനാല്‍ മരണം കൂടാന്‍ സാധ്യതയുണ്ട്.
ഒമിക്രോണ്‍ പ്രതിരോധത്തില്‍ കോവിഡ് വാക്‌സിനേഷന്‍ വളരെ പ്രധാനമാണ്. വാക്‌സിനെടുത്തവര്‍ക്ക് ഗുരുതരാവസ്ഥ കുറവാണ്. എങ്കിലും വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് വരുന്ന ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനും കോവിഡ് വന്നവര്‍ക്ക് വീണ്ടും വരുന്ന റീ ഇന്‍ഫെക്ഷനും മറ്റ് വകഭേദങ്ങളേക്കാള്‍ കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ സ്വയം പ്രതിരോധം ഏറെ പ്രധാനമാണ്. മാസ്‌ക്, വായു സഞ്ചാരമുള്ള മുറി, വാക്‌സിനേഷന്‍ എന്നിവ ഒമിക്രോണ്‍ പ്രതിരോധത്തില്‍ വളരെ പ്രധാനമാണ്. എന്‍ 95 മാസ്‌ക് ഒമിക്രോണിനെതിരെ ഫലപ്രദമായ പ്രതിരോധമൊരുക്കുന്നു. ഇടക്കിടക്ക് കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ചോ സോപ്പുപയോഗിച്ചോ വൃത്തിയാക്കണം. കടകളില്‍ പോകുന്നവര്‍ സാമൂഹിക അകലം പാലിക്കണം. ആള്‍ക്കൂട്ടത്തില്‍ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ ഒരുകാരണവശാലും പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയോ ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.