ചിന്തിപ്പിച്ച് രസതന്ത്രം
text_fieldsപാഠപുസ്തകത്തിലെ എല്ലാ പ്രധാന ആശയങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു എസ്.എസ്.എൽ.സി രസതന്ത്ര പരീക്ഷ ചോദ്യപേപ്പർ. എന്നാൽ, ശരിയായി ആശയഗ്രഹണം നടത്തിയ കുട്ടികൾക്ക് മാത്രമേ മികച്ച ഗ്രേഡ് നേടാൻ കഴിയൂ. ശരാശരി നിലവാരത്തിന് മുകളിൽ നിൽക്കുന്ന കുട്ടികൾക്ക് എ പ്ലസിലേക്ക് എത്താം. ശരാശരി നിലവാരത്തിലുള്ള കുട്ടിക്ക് എ പ്ലസിലേക്ക് എത്തുക ബുദ്ധിമുട്ടാകും. സ്ഥിരം അനുവർത്തിക്കുന്ന ചോദ്യരീതികളിൽനിന്ന് വ്യത്യസ്തമായ ചോദ്യങ്ങളും ഇത്തവണ പരീക്ഷക്കുണ്ടായിരുന്നു.
‘എ’ വിഭാഗത്തിലെ ആദ്യ ചോദ്യം: ഏഴാം പിരീഡിന്റെ ഭാഗമായ ‘f’ ബ്ലോക്ക് മൂലകങ്ങളെ എന്ത് വിളിക്കുന്നു എന്നതാണ്. ഇത് കുട്ടിയിൽ ആശയക്കുഴപ്പം ജനിപ്പിക്കാം. എങ്കിലും ഈ വിഭാഗത്തിലെ മറ്റ് ചോദ്യങ്ങളെല്ലാം പരിചിതമായവയാണ്.
‘ബി’ വിഭാഗത്തിൽ ഉൾപ്പെട്ട ഏഴാമത്തെ ചോദ്യത്തിലും ആശയക്കുഴപ്പത്തിന് സാധ്യതയുണ്ട്. ബോയിൽ നിയമവുമായി ബന്ധപ്പെട്ട ഗണിതപ്രശ്നം നിർധാരണം ചെയ്യാനുള്ളതായിരുന്നു ഒമ്പതാമത്തെ ചോദ്യം. വ്യാപ്തവും മർദവും തമ്മിലുള്ള ബന്ധം (PV= ഒരു സ്ഥിരസംഖ്യ) എന്ന ആശയത്തിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് വിദ്യാർഥികൾക്ക് പരിചയം. അതുകൊണ്ടുതന്നെ പാഠപുസ്തകത്തിനപ്പുറം വാതക നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗണിതപ്രശ്നങ്ങൾ വിശകലനം ചെയ്ത് പരിചയിച്ച, അല്ലെങ്കിൽ വിശകലനാത്മകമായി ചിന്താശേഷിയുള്ളവർക്ക് മാത്രമേ ഇതിന്റെ ശരിയായ ഉത്തരത്തിലേക്ക് എത്താൻ കഴിയൂ.
‘സി’ വിഭാഗത്തിലെ 3 സ്കോറിനുള്ള ചോദ്യങ്ങൾ എല്ലാം കുട്ടികൾ പരിചയിച്ച മാതൃകയിൽ ഉള്ളവയായിരുന്നു. എന്നാൽ, ‘ഡി’ വിഭാഗത്തിലെ 4 സ്കോറിനുള്ള ചോദ്യങ്ങളിൽ വിദ്യാർഥികൾ പരിചയിച്ച രീതികളിൽനിന്ന് വ്യത്യസ്തതയുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. 17ാമത്തെ ചോദ്യത്തിൽ ഈതറിന്റെ ഘടന നൽകിയ ശേഷം -O- R ഫങ്ഷനൽ ഗ്രൂപ് അടങ്ങിയ സംയുക്തങ്ങളെ------ എന്ന് വിളിക്കുന്നു എന്ന ചോദ്യത്തിന് ആൽക്കോക്സി എന്ന ഉത്തരത്തിലേക്കും കുട്ടി എത്തിച്ചേർന്നേക്കാം. ക്രിയാശീല ശ്രേണിയെ അടിസ്ഥാനപ്പെടുത്തിയുള്ള 20ാം ചോദ്യം ആശയക്കുഴപ്പം ഉണ്ടാക്കുന്നതായിരുന്നു. ക്രിയാശീല ശ്രേണി കുട്ടി മനപ്പാഠമാക്കുന്നില്ല. കോപ്പറിന് HClൽ നിന്ന് ഹൈഡ്രജനെ ആദേശം ചെയ്യാൻ കഴിയില്ല എന്നും, ക്രിയാശീല ശ്രേണിയിൽ ഹൈഡ്രജനുശേഷം വരുന്ന ലോഹങ്ങൾക്ക് ഹൈഡ്രജനെ ആദേശം ചെയ്യാൻ കഴിയില്ല എന്നും കുട്ടി മനസ്സിലാക്കിയിട്ടുണ്ട്.
അതുകൊണ്ട് ക്രിയാശീല ശ്രേണിയിൽ ഹൈഡ്രജനെ കൂടി നൽകാത്തത് വിദ്യാർഥികളെ കുഴപ്പിക്കാം. പൊതുവേ കുട്ടികൾക്ക് പ്രയാസമേറിയ വിഷയങ്ങളിൽ ഒന്നായ രസതന്ത്രത്തിന്റെ ഇത്തവണത്തെ ചോദ്യപേപ്പർ കുട്ടികളെ ഇരുത്തിച്ചിന്തിപ്പിച്ചു എന്നുതന്നെ പറയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.