എസ്.എസ്.എൽ.സി: അകന്നിരുന്നു പഠനം; അകലെനിന്ന് യാത്രപറച്ചിൽ
text_fieldsതിരുവനന്തപുരം: അകന്നിരുന്ന് പഠിച്ച അധ്യയന വർഷത്തിനൊടുവിൽ അവസാന പരീക്ഷയും എഴുതിത്തീർത്ത് അവർ യാത്രപറഞ്ഞതും അകലം പാലിച്ചുതന്നെ. തുടർപഠനം പലവഴിക്ക് പരിയുംമുമ്പ് കണ്ടുമുട്ടാൻ ഇനിയൊരവസരം മാറ്റിവെച്ച പ്രാക്ടിക്കൽ പരീക്ഷ ദിനങ്ങൾ മാത്രം. പ്രാക്ടിക്കൽ പരീക്ഷകൾ ഉപേക്ഷിച്ചാൽ പള്ളിക്കൂടമുറ്റത്ത് ഇനിയൊരു ഒത്തുകൂടൽ ഉണ്ടാകില്ല.
വ്യാഴാഴ്ച അവസാന എസ്.എസ്.എൽ.സി പരീക്ഷയും പൂർത്തിയാക്കി വിദ്യാർഥികൾ മടങ്ങിയത് സഹപാഠികളെ ഒന്ന് ചേർത്തുപിടിക്കാനുള്ള ആഗ്രഹം ബാക്കിയാക്കിയാണ്. മഹാമാരിക്കാലത്ത് മാസങ്ങളോളം പരസ്പരം കാണാതെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലായിരുന്നു പഠനം. ജനുവരി മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അകന്നിരുന്ന് റിവിഷൻ ക്ലാസുകൾക്കായി വിദ്യാർഥികൾ സ്കൂളുകളിലെത്തി. മാസ്കണിഞ്ഞും സാമൂഹിക അകലം പാലിച്ചുള്ള പഠനം പുതിയ അറിവായി മാറി. ആദ്യം ഒരു ബെഞ്ചിൽ ഒരാളും പിന്നീട് രണ്ടാളുമായിട്ടായിരുന്നു റിവിഷൻ ക്ലാസുകൾ.
മാർച്ചിൽ മോഡൽ പരീക്ഷകൾക്ക് ശേഷം ഇടവേള. ഏപ്രിൽ എട്ടിന് പരീക്ഷ ആരംഭിച്ചപ്പോൾ കോവിഡ് വ്യാപനം ശക്തമായി. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ചുറ്റും അധ്യാപകരും ആരോഗ്യ പ്രവർത്തകരും പൊലീസും നടന്നുനീങ്ങിയ പരീക്ഷക്കാലം ജീവിതത്തിലെ മറക്കാനാവാത്ത അനുഭവപാഠമായി. വാരിപ്പുണർന്ന് കണ്ണുകൾ നിറച്ചും നിറങ്ങളിൽ മുക്കിയും യാത്രപറയുന്ന കാഴ്ചകൾ വ്യാഴാഴ്ച കണ്ടില്ല. അപൂർവം ചിലരെങ്കിലും സഹപാഠികൾക്കടുത്തെത്തിയും ഷർട്ടിലും മാസ്ക്കിലും ഒാർമകൾ കോറിയിട്ട് യാത്ര പറഞ്ഞു.
അവസാന പരീക്ഷ കഴിഞ്ഞിറങ്ങുന്ന സമയത്ത് സാമൂഹിക അകലം ഉറപ്പാക്കാൻ ചീഫ് സൂപ്രണ്ടുമാർക്ക് നിർദേശം നൽകി പരീക്ഷ സെക്രട്ടറി പ്രത്യേക സർക്കുലർ ഇറക്കിയിരുന്നു. പ്രധാന സ്കൂളുകൾക്ക് മുന്നിലെല്ലാം പൊലീസ് സാന്നിധ്യവും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.