എസ്.എസ്.എൽ.സി: കൂടുതൽ പേരെ വീഴ്ത്തിയത് ഗണിതം തന്നെ; ഹിന്ദിയിൽ എ പ്ലസ് കുറഞ്ഞു
text_fieldsതിരുവനന്തപുരം: മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുന്നതിൽ കൂടുതൽ പേർക്കും കാലിടറിയത് ഇത്തവണയും ഗണിതത്തിൽ. 4,19,128 പേർ പരീക്ഷയെഴുതിയതിൽ 1,09,379 പേർക്കാണ് ഗണിതത്തിൽ എ പ്ലസ് ലഭിച്ചത്. മേജർ വിഷയങ്ങളിൽ വിജയം കുറവ് ഗണിതത്തിൽ തന്നെ. 99.9 ശതമാനമാണ് ഗണിതത്തിൽ വിജയം. കുറവ് എ പ്ലസ് നേട്ടത്തിൽ ഗണിതത്തിന് പിറകിൽ സാമൂഹികശാസ്ത്രമാണ്; 1,35,779 പേർ. ഇത്തവണ പരീക്ഷയിൽ വിദ്യാർഥികളെ വലച്ച ഹിന്ദിയിലും എ പ്ലസുകാരുടെ എണ്ണം കുറഞ്ഞു; 149570 പേർക്കാണ് ഹിന്ദിയിൽ എ പ്ലസ് ലഭിച്ചത്.
കഴിഞ്ഞ വർഷം ഹിന്ദിയിൽ 1,51,284 പേർക്കാണ് എ പ്ലസ് ലഭിച്ചത്. ഫിസിക്സിൽ 1,46,473 പേർക്കുമാണ് എ പ്ലസ് ലഭിച്ചത്. ഇംഗ്ലീഷിൽ 154283 പേർക്കാണ് എ പ്ലസ് നേട്ടം. എറ്റവും കൂടുതൽ പേർ എ പ്ലസ് നേടിയത് ഒന്നാം ഭാഷ പേപ്പർ രണ്ടിലാണ്; 281528 പേർ. കെമിസ്ട്രിയിൽ 209950 പേരും ബയോളജിയിൽ 193449 പേരും എ പ്ലസ് നേടി. എ പ്ലസുകാരുടെ എണ്ണം കുറഞ്ഞെങ്കിലും ഹിന്ദിയിൽ കഴിഞ്ഞവർഷമുള്ള വിജയശതമാനമായ 99.99 ശതമാനം ഇത്തവണയും നിലനിർത്തി. ഫിസിക്സിൽ 99.91 ശതമാനവും കെമിസ്ട്രിയിൽ 99.95 ശതമാനവും ബയോളജിയിൽ 99.96 ശതമാനവുമാണ് വിജയം. മലയാളം പേപ്പർ ഒന്നിൽ 99.99 ശതമാനം വിജയമുണ്ട്. ഗണിതത്തിൽ 419038 പേർ പരീക്ഷയെഴുതിയതിൽ 418624 പേരാണ് വിജയിച്ചത്.
ലക്ഷദ്വീപിലും ഗൾഫിലും നാല് വീതം സ്കൂളുകളിൽ നൂറുമേനി
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഗൾഫിലെയും ലക്ഷദ്വീപിലെയും സ്കൂളുകൾക്ക് മികച്ച വിജയം. ഗൾഫിലെ എട്ട് കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ 518ൽ 504 പേർ വിജയിച്ചു. വിജയം 97.3 ശതമാനം. ഷാർജ ദ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, റാസൽ ഖൈമ ന്യൂ ഇന്ത്യൻ എച്ച്.എസ്.എസ്, ഉമ്മുൽ ഖുവൈൻ ദ ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ, അബൂദബി ദ മോഡൽ സ്കൂൾ എന്നിവക്ക് നൂറ് ശതമാനം വിജയമുണ്ട്. ലക്ഷദ്വീപിൽ എട്ട് കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ 289 വിദ്യാർഥികളിൽ 283 പേരും വിജയിച്ചു. 97.92 ശതമാനം വിജയം. അമിനി ഷഹീദ് ജവാൻ മുത്തുക്കോയ മെമ്മോറിയൽ ഗവ. സീനിയർ സെക്കൻഡറി സ്കൂൾ, കൽപ്പേനി ഡോ.കെ.കെ. മുഹമ്മദ് കോയ ഗവ. സീനിയർ സെക്കൻഡറി സ്കൂൾ, അഗത്തി ഗവ. എച്ച്.എസ്, ചെത്ലത്ത് ഗവ. എച്ച്.എസ് എന്നിവിടങ്ങളിൽ നൂറ് ശതമാനം വിജയമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.