എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ്; വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിന്‍റെ നയമല്ലെന്ന് മന്ത്രി
text_fieldsകോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 7,077 സ്കൂളിലെ 9,58,067 വിദ്യാർത്ഥികൾക്കുള്ള സ്കൂൾ യൂണിഫോം വിതരണം നാളെ നടക്കും. 120 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. ജൂൺ ഒന്നിന് സ്കൂൾ തുറക്കും മുൻപ് തന്നെ എല്ലാ വിദ്യാർഥികൾക്കും പാഠപുസ്തകം വിതരണം ചെയ്യും.
സ്കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി പ്രത്യേക മാന്വൽ ഇത്തവണ തയ്യാറാക്കും. നോൺ അക്കാദമിക്ക് കാര്യങ്ങൾക്കായാണിത്. എല്ലാ സ്കൂളുകളിലും പൂർവ വിദ്യാർത്ഥി സംഘടന രൂപീകരിക്കാനുള്ള നിർദേശം ഈ മാന്വലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിന്‍റെ നയമല്ല
പ്ലസ്ടു കെമിസ്ട്രി പുതിയ ഉത്തര സൂചികയിൽ അപാകതയില്ലെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. ശരിയുത്തരമെഴുതിയ എല്ലാവർക്കും മാർക്ക് ഉറപ്പാക്കും. എന്നാൽ വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിന്‍റെ നയമല്ല. നൂറ് ശതമാനം വിജയം ഉറപ്പാക്കാൻ പരീക്ഷാ സംവിധാനത്തിൽ വെള്ളം ചേർക്കാനാവില്ല. ചിലരുടെ സ്ഥാപിത താൽപര്യങ്ങളാണ് നിലവിലെ വിവാദങ്ങൾക്ക് പിന്നിൽ.
പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക വിഷയത്തില്‍ അധ്യാപകര്‍ മൂല്യ നിര്‍ണ്ണയം ബഹിഷ്കരിച്ചത് മുന്‍ കൂട്ടി അറിയിക്കാതെയാണ്. പ്രതിഷേധം നടത്തും മുന്‍പ് അറിയിക്കാതിരുന്നത് അധ്യാപകരുടെ വീഴ്ചയാണ്. ഇതിനു പിന്നില്‍ ഗൂഡാലോചന ഉണ്ടോയെന്ന് സംശയിക്കുന്നതായും നടപടി വേണോ എന്ന കാര്യം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്താതെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അധ്യാപകർ മിന്നൽ പണിമുടക്ക് നടത്തുന്നത്. സർക്കാർ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അധ്യാപകരല്ല. അതിന് തിരഞ്ഞെടുക്കപ്പെട്ടൊരു സർക്കാരും വിദ്യാഭ്യാസ മന്ത്രിയുമുണ്ട്. ഇവർക്ക് പുറമെ പ്രിൻസിപ്പൽ സെക്രട്ടറിയും വിദ്യാഭ്യാസ ഡയറക്ടറുമുണ്ട്. അധ്യാപക വിഭാഗം പാലിക്കേണ്ട നിയമങ്ങൾ ലംഘിക്കാനുള്ള അവകാശം ആർക്കുമില്ലെന്നും ഹൈകോടതി ഉത്തരവിനെതിരെയാണ് അധ്യാപകരുടെ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.