എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി; ഉത്തരക്കടലാസ് വിതരണം ഫെബ്രുവരി ആദ്യം പൂർത്തിയാക്കാൻ മന്ത്രിയുടെ നിർദേശം
text_fieldsതിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള ഉത്തരക്കടലാസുകളുടെ അച്ചടിയും വിതരണവും ഫെബ്രുവരി ആദ്യവാരം പൂർത്തിയാക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശം. സാമ്പത്തിക പ്രതിസന്ധിക്കിടെ മതിയായ പേപ്പർ ലഭിക്കാതെ ഉത്തരക്കടലാസിന്റെയും പാഠപുസ്തകങ്ങളുടെയും അച്ചടി പാതിവഴിയിലായതോടെ മന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം നൽകിയത്. മാർച്ച് ആദ്യത്തിൽ പരീക്ഷകൾ തുടങ്ങുമെങ്കിലും 41 വിദ്യാഭ്യാസ ജില്ലകളിൽ 22 എണ്ണത്തിലേക്ക് മാത്രമാണ് ഉത്തരക്കടലാസുകൾ ഇതുവരെ എത്തിക്കാനായത്.
സ്റ്റേഷനറി വകുപ്പിൽനിന്ന് ഗവ. പ്രസുകൾക്ക് പേപ്പർ ലഭിക്കാതെ വന്നതോടെയാണ് അച്ചടിയും വിതരണവും മന്ദഗതിയിലായത്. സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന തടസ്സമായത്. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്താൻ സ്റ്റേഷനറി വകുപ്പിന് മന്ത്രി നിർദേശം നൽകി. നേരത്തെ, പരീക്ഷ മുന്നൊരുക്ക അവലോകനത്തിനായി മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഉത്തരക്കടലാസ് വിതരണം വൈകിയാൽ പരീക്ഷ നടത്തിപ്പിനെ ബാധിക്കുമെന്ന് പരീക്ഷ സെക്രട്ടറിമാർ അന്ന് മന്ത്രിയെ അറിയിച്ചിരുന്നു. തുടർന്നാണ് സ്റ്റേഷനറി വകുപ്പിനെ ഉൾപ്പെടെ പങ്കെടുപ്പിച്ച് വീണ്ടും യോഗം വിളിച്ചത്.
അതേസമയം, കഴിഞ്ഞ വർഷം കുടിശ്ശികയായ 44 കോടിയോളം രൂപ ലഭ്യമാക്കാൻ നടപടിയായിട്ടില്ല. എസ്.എസ്.എൽ.സിക്ക് 12 കോടിയും ഹയർ സെക്കൻഡറിക്ക് 22 കോടിയും വി.എച്ച്.എസ്.ഇക്ക് 11 കോടിയുമാണ് പരീക്ഷ നടത്തിപ്പിൽ കുടിശ്ശികയുള്ളത്.
പാഠപുസ്തക അച്ചടിക്കുള്ള പേപ്പറുകൾ വലിയ തോതിൽ സൂക്ഷിക്കാൻ കാക്കനാട്ടെ കെ.ബി.പി.എസ് പ്രസിൽ സൗകര്യമില്ലാത്തത് പ്രശ്നമാണെന്നും ഇത് പരിഹരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.