എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം; 68,604 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്
text_fieldsതിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനം ആണ് എസ്.എസ്.എൽ.സി വിജയം. കഴിഞ്ഞ തവണ 99.26 ആയിരുന്നു വിജയ ശതമാനം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ഫലം ഓൺലൈനായി താഴെ പറയുന്ന വെബ്സൈറ്റുകൾ വഴി പരിശോധിക്കാം. https://www.prd.kerala.gov.in https://www.results.kerala.gov.in https://www.examresults.kerala.gov.in https://www.pareekshabhavan.kerala.gov.in https://www.results.kite.kerala.gov.in https://www.sslcexam.kerala.gov.in
2960 സെന്ററുകളിലായി 4,19,128 വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. 4,17,864 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.ഗൾഫ് സെന്ററുകളിൽ 528 പേർ പരീക്ഷയെഴുതി. അതിൽ 504 പേർ വിജയിച്ചു. ലക്ഷദ്വീപ് സെന്ററുകളിൽ പരീക്ഷയെഴുതിയ 289 വിദ്യാർഥികളിൽ 283 പേർ വിജയിച്ചു
ഇത്തവണ 68,604 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 44,363 വിദ്യാർഥികൾക്കാണ് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചത്.
ചരിത്രമെഴുതി പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലകൾ; റവന്യൂ ജില്ലകളിൽ കണ്ണൂർ
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിലെ ഉയർന്ന വിജയം ആവർത്തിച്ച് കണ്ണൂർ. 99.94 ശതമാനമാണ് ജില്ലയിലെ വിജയം. പരീക്ഷയെഴുതിയ 22 പേർ മാത്രമാണ് കണ്ണൂരിൽ ഉപരിപഠന യോഗ്യത നേടാതെ പോയത്. ജില്ലയിൽ പരീക്ഷയെഴുതിയ 34,997 പേരിൽ 34,995 പേരും വിജയിച്ചു. 99.92 ശതമാനം വിജയം നേടിയ എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയിൽ 99.82 ശതമാനമാണ് വിജയം. വിദ്യാഭ്യാസ ജില്ലകളിൽ പാലാ, മൂവാറ്റുപുഴ എന്നിവ നൂറ് ശതമാനം വിജയം നേടി. എസ്.എസ്.എൽ.സി പരീക്ഷയുടെ ചരിത്രത്തിൽ വിദ്യാഭ്യാസ ജില്ലകൾ സമ്പൂർണ വിജയം നേടുന്നതും ആദ്യമാണ്. കഴിഞ്ഞ വർഷം രണ്ട് വിദ്യാർഥികളുടെ തോൽവിയിലാണ് പാലായ്ക്ക് 100 ശതമാനം വിജയം നഷ്ടമായത്. പാലയിൽ ഇത്തവണ 3172ഉം മൂവാറ്റുപുഴയിൽ 3562ഉം പേരാണ് പരീക്ഷയെഴുതി വിജയിച്ചത്.
പുനർമൂല്യനിർണയത്തിന് അപേക്ഷ ഇന്ന് മുതൽ 24 വരെ
തിരുവനന്തപുരം: എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/ എസ്.എസ്.എൽ.സി (എച്ച്.ഐ) / ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി പരീക്ഷ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന ആവശ്യമുള്ളവർക്ക് ശനിയാഴ്ച മുതൽ ഈ മാസം 24ന് വൈകീട്ട് നാല് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എസ്.എസ്.എൽ.സിക്ക് https://sslcexam.kerala.gov.in, ടി.എച്ച്.എസ്.എൽ.സിക്ക് http://thslcexam.kerala.gov.in, എസ്.എസ്.എൽ.സി (എച്ച്.ഐ) ക്ക് http://sslchiexam.kerala.gov.in, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ)ക്ക് http://thslchiexam.kerala.gov.in, എ.എച്ച്.എസ്.എൽ.സിക്ക് http://ahslcexam.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെയാണ് ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ടത്. വിശദമായ നിർദേശങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമാകും.
81 താൽക്കാലിക ബാച്ചുകൾ തുടരും
തിരുവനന്തപുരം: എസ്.എസ്.എൽ.സി വിജയിച്ചവരുടെ ഉപരിപഠനത്തിനായി സംസ്ഥാനത്ത് 4,65,141 സീറ്റുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ വർഷം അനുവദിച്ച 81 പ്ലസ് വൺ താൽക്കാലിക ബാച്ചുകൾ ഇത്തവണയും തുടരും. പ്ലസ് വണ്ണിന് ബാച്ചൊന്നിന് 50 കുട്ടികളെന്ന കണക്കിൽ 3,60,692 സീറ്റുകളാണുള്ളത്. വി.എച്ച്.എസ്.ഇയിലെ 33,030 ഉം പോളിടെക്നിക്കിലെ 9,990 ഉം ഐ.ടി.ഐയിലെ 61,429 സീറ്റുകളും ചേർത്ത് 4,65,141 സീറ്റുകൾ ഉപരിപഠനത്തിന് ലഭ്യമാകും. കൂടുതൽ ബാച്ചുകൾ അനുവദിക്കുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.