എസ്.എസ്.എൽ.സി വിഷയ മിനിമം; വിദ്യാഭ്യാസ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ പിന്തുണ
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ മൂല്യനിർണയത്തിൽ വിഷയ മിനിമം കൊണ്ടുവരുന്നതിൽ വിദ്യാഭ്യാസ മന്ത്രിക്കും പൂർണപിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മിനിമം മാർക്ക് ഏർപ്പെടുത്തുന്നതിനെതിരെ വിയോജിച്ച ഭരണപക്ഷ അധ്യാപക സംഘടനകളെ മുഖ്യമന്ത്രി വിമർശിക്കുകയും ചെയ്തു. പാഠപുസ്തകങ്ങളുടെയും കൈത്തറി യൂനിഫോമുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കോൺക്ലേവിൽ എസ്.എസ്.എൽ.സി മൂല്യനിർണയ പരിഷ്കരണത്തിനെതിരെ സി.പി.എം അനുകൂല സംഘടനകളായ കെ.എസ്.ടി.എയും എസ്.എഫ്.ഐയും എതിർപ്പുമായി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പങ്കെടുത്ത വേദിയിൽതന്നെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
നമ്മുടെ വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനുള്ള ഘട്ടം ഇതുതന്നെയാണ്. അക്കാദമിക രംഗത്ത് ചില പുതിയ വീക്ഷണങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഒരു ക്ലാസിൽ എത്ര കുട്ടികളാണ് പഠിത്തത്തിൽ പിന്നിലെന്ന് അധ്യാപകർക്കറിയാം.
ആ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകി മികവ് വർധിപ്പിക്കണം. വിദ്യാർഥികൾ പഠനത്തിൽ പിന്നോട്ട് പോകുന്നുണ്ടങ്കിൽ പൊയ്ക്കോട്ടെ എന്ന് കരുതരുത്. കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുന്നത് എവിടെയൊക്കെ നടക്കുന്നുണ്ടെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
അതുകൊണ്ടാണ് ഇത്തരമൊരു ചർച്ച മാധ്യമങ്ങളിൽ വരാനിടയായതെന്നും ആ കാര്യങ്ങൾ ഗൗരവമായി പരിശോധിക്കാനുള്ള ചുമതല നമുക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016നു മുമ്പ് പൊതുവിദ്യാലയങ്ങൾ തകർച്ച നേരിട്ടിരുന്നു. ഒരു കുട്ടിയും എസ്.എസ്.എൽ.സി പാസാകാത്ത നിരവധി സ്കൂളുകൾ ഉണ്ടായിരുന്നു. അന്ന് പ്രശസ്തമായ ഒരു അധ്യാപക സംഘടനയാണ് ഈ പ്രശ്നം ഗൗരവമായി കണ്ട് സ്കൂളുകളുടെ പഠനനിലവാരം മെച്ചപ്പെടുത്താനായി ഗൗരവപൂർവം ഇടപെട്ടത്.
എത്രയൊക്കെ ഭൗതിക സൗകര്യങ്ങൾ ഒരുക്കിയാലും അക്കാദമിക് മാസ്റ്റർപ്ലാൻ തയാറാക്കിയാലും വിദ്യാർഥികളുടെ അഭിവൃദ്ധിയിൽ അധ്യാപകരുടെ പങ്ക് വലുതാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
പാഠ്യപദ്ധതി പരിഷ്കരണം ജൂണിൽ ആരംഭിക്കും -മന്ത്രി
തിരുവനന്തപുരം: ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂണിൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പരിഷ്കരിച്ച സ്കൂൾ പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂനിഫോമിന്റെയും സംസ്ഥാനതല വിതരണോദ്ഘാടന ചടങ്ങിൽ സാംസാരിക്കുകയായിരുന്നു മന്ത്രി. 2007നു ശേഷം സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കുന്നത് ഇപ്പോഴാണ്. രണ്ടു വർഷത്തിനുള്ളിൽ ഒരിക്കലെങ്കിലും പാഠപുസ്തക പരിഷ്കരണം നടക്കേണ്ടതുണ്ട്.
രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലെ പുസ്തകങ്ങളുടെ പ്രാരംഭപ്രവൃത്തികൾ ആരംഭിച്ചു. പരിഷ്കരിച്ച പുസ്തകം 2025 ജൂണിൽ കുട്ടികളുടെ കൈകളിലെത്തുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.