യു.ജി.സി-നെറ്റ് ജൂൺ 16ന്; രജിസ്ട്രേഷൻ മേയ് 10 വരെ
text_fieldsഇന്ത്യയിലെ സർവകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനും ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (ജെ.ആർ.എഫ്) പിഎച്ച്.ഡി പ്രവേശനത്തിനുമുള്ള ദേശീയ യോഗ്യതാ നിർണയ പരീക്ഷയായ ‘യു.ജി.സി-നെറ്റ്’ 2024 ജൂൺ 16ന് നടത്തും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷാ ചുമതല.
ഇന്ത്യയൊട്ടാകെ 360 നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. കേരളത്തിൽ ആലപ്പുഴ, ചെങ്ങന്നൂർ, അങ്കമാലി, എറണാകുളം/മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, പയ്യന്നൂർ, തിരുവനന്തപുരം, തൃശൂർ, വയനാട്; ലക്ഷദ്വീപിൽ കവരത്തി എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ.
പരീക്ഷ: ഒ.എം.ആർ അധിഷ്ഠിത പരീക്ഷയിൽ രണ്ട് പേപ്പറുകളാണുള്ളത്. ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലാണ് ചോദ്യങ്ങൾ. പേപ്പർ ഒന്നിൽ അധ്യാപന അഭിരുചി വിലയിരുത്തുന്ന 50 ചോദ്യങ്ങൾ, 100 മാർക്കിന്. ഇതിൽ റീസണിങ് എബിലിറ്റി, റീഡിങ് കോംപ്രിഹെൻഷൻ, പൊതുവിജ്ഞാനം മുതലായവയിൽ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളുണ്ടാകും.
പേപ്പർ രണ്ടിൽ ‘പി.ജി’ തലത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള 83 വിഷയങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഡൊമൈൻ വിഷയത്തിലുള്ള അറിവ് പരിശോധിക്കുന്ന ചോദ്യങ്ങളാണുണ്ടാവുക.
എല്ലാ ചോദ്യങ്ങൾക്കും നിർബന്ധമായും ഉത്തരം കണ്ടെത്തണം. പരമാവധി മൂന്ന് മണിക്കൂർ സമയം അനുവദിക്കും. ശരിയുത്തരത്തിന് 2 മാർക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാൽ മാർക്ക് കുറക്കില്ല.
നെറ്റ് പരീക്ഷയിൽ ആന്ത്രോപ്പോളജി, അറബ് കൾചർ ആൻഡ് ഇസ്ലാമിക് സ്റ്റഡി, അറബിക്, ആർക്കിയോളജി, കോമേഴ്സ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്, ക്രിമിനോളജി, ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ്, ഇക്കണോമിക്സ്, എജുക്കേഷൻ, ഇലക്ട്രോണിക് സയൻസ്, ഇംഗ്ലീഷ്, മലയാളം അടക്കമുള്ള ഭാഷാ വിഷയങ്ങൾ.
എൻവയൺമെന്റൽ സയൻസ്, ഫോറൻസിക് സയൻസ്, ജ്യോഗ്രഫി, ഹോം സയൻസ്, ലേബർ വെൽഫെയർ/ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ലോ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, മാനേജ്മെന്റ്, ഫിലോസഫി, ഫിസിക്കൽ എജുക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യൽ മെഡിസിൻ ആൻഡ് കമ്യൂണിറ്റി ഹെൽത്ത്, സോഷ്യൽ വർക്ക്, സോഷ്യോളജി, വിഷ്വൽ ആർട്സ്, വിമെൻ സ്റ്റഡീസ്, ഉറുദു, യോഗ അടക്കമുള്ള വിഷയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒ.ബി.സി-എൻ.സി.എൽ/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/തേർഡ് ജൻഡർ വിഭാഗങ്ങളിൽപെടുന്നവർക്ക് 50 ശതമാനം മാർക്ക് മതി. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
ജെ.ആർ.എഫിന് പ്രായപരിധി 30 വയസ്സാണ്. നിയമാനുസൃത വയസ്സിളവുണ്ട്. അസി.പ്രഫസർ, പിഎച്ച്.ഡി പ്രവേശനത്തിന് പ്രായപരിധിയില്ല. വിശദവിവരങ്ങളടങ്ങിയ ‘യു.ജി.സി-നെറ്റ്’ വിജ്ഞാപനം https://ugcnet.nta.ac.in, www.nta.ac.inൽ ലഭിക്കും.
അപേക്ഷ: പരീക്ഷ/അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 1150 രൂപ, ഇ.ഡബ്ല്യു.എസ്/ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് 600 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/തേർഡ് ജൻഡർ വിഭാഗങ്ങൾക്ക് 325 രൂപ. മേയ് 10 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. മേയ് 12 രാത്രി 11.50 മണിവരെ ഫീസ് സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ ‘യു.ജി.സി-നെറ്റ് ജൂൺ 2024’ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.