അവസാന വർഷ ബിരുദ പരീക്ഷ നടത്തുമെന്ന് യു.ജി.സി
text_fieldsന്യൂഡൽഹി: കോവിഡ് ഭീഷണിക്കിടയിലും അവസാന വർഷ ബിരുദ പരീക്ഷയുമായി മുന്നോട്ടുപോകുമെന്ന നിലപാട് ആവർത്തിച്ച് യു.ജി.സി. ഇതു സംബന്ധിച്ച് സുപ്രീംകോടതിയിൽ നടക്കുന്ന ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് യു.ജി.സിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ പരീക്ഷക്കു വേണ്ടി വിദ്യാർഥികൾ ഒരുങ്ങണമെന്ന് ആവശ്യപ്പെട്ടത്.
പരീക്ഷ നടന്നില്ലെങ്കിൽ വിദ്യാർഥികൾക്ക് ഡിഗ്രി ഇല്ലെന്നും അതാണ് നിയമമെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷ നടത്തിയില്ലെങ്കിൽ അത് അപരിഹാര്യമായ പിഴവായി മാറും. വിദ്യാർഥികളുടെ നിലവാരം മൂല്യനിർണയം നടത്താനുള്ള ഏക മാർഗം പരീക്ഷയാണെന്നും യു.ജി.സിയും കേന്ദ്ര സർക്കാറും സത്യവാങ്മൂലത്തിലൂടെ എതിർവാദമുയർത്തിരുന്നു.
പരീക്ഷക്ക് തയാറെടുക്കേണ്ടെന്ന ധാരണ വിദ്യാർഥികൾക്ക് വേണ്ടെന്നും നേരത്തേ കോടതിയിൽ യു.ജി.സി വ്യക്തമാക്കിയിരുന്നു. അതേസമയം, പരീക്ഷ നടത്താനുള്ള യു.ജി.സി തീരുമാനം വിദ്യാർഥികൾക്കിടയിൽ ഡിജിറ്റൽ വേർതിരിവിന് കാരണമാകുമെന്ന് ഡൽഹി സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഡൽഹി സർക്കാറിന് കീഴിലെ സർവകലാശാലകളിൽ ഓൺൈലൻ ക്ലാസ് നടത്താനുള്ള പ്രവർത്തനം നടത്തിയിരുന്നു. എന്നാൽ, എല്ലാ വിദ്യാർഥികൾക്കും തുല്യമായി പങ്കെടുക്കാനാകുന്നില്ല എന്നതാണ് യാഥാർഥ്യമെന്നും ഡൽഹി സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കേസ് ആഗസ്റ്റ് 14ന് വീണ്ടും പരിഗണിക്കും. സെപ്റ്റംബർ 30നകം അവസാന വർഷ ബിരുദ പരീക്ഷകൾ നടത്തണമെന്നാണ് യു.ജി.സി ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.