പരീക്ഷയെ പേടിക്കേണ്ട; സംസ്ഥാനത്ത് വി-ഹെൽപ്പ് ടോൾ ഫ്രീ സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പൊതു പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധതരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കൻഡറി വിഭാഗം, വീ ഹെൽപ്പ് എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചു.
വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിങ് സഹായം ലഭ്യമാകും. നിംഹാൻസ് ബംഗളുരൂവിൽ നിന്നും പരീശീലനം ലഭിച്ച സൗഹൃദ കോർഡിനേറ്റർമാരാണ് കൗൺസിലിംഗിന് നേതൃത്വം നൽകുന്നത്. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി 1800 425 2844 എന്ന നമ്പറിൽ വിളിക്കാം.
പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും സേവനം ലഭ്യമാകും. എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേതൃത്വത്തിൽ കൗൺസിലിങ് ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ തലത്തിൽ എല്ലാ പൊതുപരീക്ഷകൾക്കും തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്‍റ് കൗൺസലിങ്ങ് സെല്ലിന്‍റെ നേതൃത്വത്തിലാണ് വീ ഹെൽപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.