നൊബേൽ ജേതാക്കളുടെ സംഗമത്തിലേക്ക് ഫാറൂഖ് കോളജ് ഗവേഷക വിദ്യാർഥിനിയും
text_fieldsകോഴിക്കോട്: ജർമനിയിലെ ലിൻഡോയിൽ ജൂൺ 30 മുതൽ ജൂലൈ അഞ്ച് വരെ നടക്കുന്ന നൊബേൽ ജേതാക്കളുടെ സംഗമത്തിൽ പങ്കെടുക്കാൻ ഫാറൂഖ് കോളജ് അസ്ട്രോ ഫിസിക്സ് ഗവേഷക വിദ്യാർഥിനി അമൽ അബ്ദുറഹ്മാന് അവസരം. എല്ലാ വർഷവും 40 നൊബേൽ സമ്മാന ജേതാക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 600 യുവ ശാസ്ത്ര ഗവേഷകരുമാണ് ലിൻഡോയിൽ സമ്മേളിക്കുന്നത്. എഴുപത്തിമൂന്നാം സമ്മേളനമാണ് ഈ വർഷം നടക്കുന്നത്.
നൊബേൽ ജേതാക്കൾ ഭാവി തലമുറയുമായും യുവതയുമായും സംവദിക്കുക, ആശയ കൈമാറ്റം സാധ്യമാക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ഫിസിക്സ്, കെമിസ്ട്രി, വൈദ്യശാസ്ത്രം എന്നീ മൂന്ന് വിഷയങ്ങളാണ് വർഷം ഇടവിട്ട് സംഗമം ചർച്ച ചെയ്യുന്നത്. മൂന്ന് വർഷത്തിലൊരിക്കൽ സാമ്പത്തിക ശാസ്ത്രവും അഞ്ച് വർഷത്തിലൊരിക്കൽ അന്തർവൈജ്ഞാനിക സംഗമവും നടക്കുന്നു. 1951ൽ തുടങ്ങിയ സംഗമത്തിൽ ഇതുവരെ 35,000 വിദ്യാർഥികളും ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 15 ഗവേഷകരുടെ യാത്ര-താമസ ചെലവുകൾ കേന്ദ്ര സർക്കാറിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പാണ് വഹിക്കുക.
ഫാറൂഖ് കോളജിൽനിന്ന് ബിരുദം നേടിയ കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിനിയായ അമൽ അബ്ദുറഹ്മാൻ ഐ.ഐ.ടി മദ്രാസിൽനിന്നാണ് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയത്. പ്രശസ്ത ശാസ്ത്ര ഗവേഷക സ്ഥാപനമായ ബാർക് മുംബൈയിലെ ശാസ്ത്രജ്ഞൻ ഡോ. സുന്ദർ സഹയനാഥൻ, ഫാറൂഖ് കോളജ് പ്രഫസർ ഡോ. പി.എ സുഭ എന്നിവരുടെ കീഴിലാണ് ഗവേഷണം. ടി. അബ്ദുറഹ്മാൻ-ആസിയ ദമ്പതികളുടെ മകളാണ്. ഭർത്താവ് ജാവേദ് ഇസ്‍ലാം ഡൽഹി എയിംസിൽ ഗവേഷകനാണ്. മക്കൾ: മുഹമ്മദ് ജിബ്രാൻ, അസ്ബ റംസാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.