പാഠ്യപദ്ധതി പരിഷ്കരണത്തിലെ ലിംഗസമത്വ സമീപനരേഖ: സി.പി.എം പരിശോധനക്ക്
text_fieldsതിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിലെ ലിംഗസമത്വ വിഷയത്തിൽ സർക്കാർ സമീപനം വ്യക്തമാക്കുന്ന ‘പൊസിഷൻ പേപ്പർ’ പ്രസിദ്ധീകരിക്കൽ സി.പി.എം പരിശോധനക്കുശേഷം മാത്രം. പാഠ്യപദ്ധതി പരിഷ്കരണത്തിൽ പരിഗണിക്കുന്ന 26 വിഷയ മേഖലകളിലെ പൊസിഷൻ പേപ്പറിന്‍റെ കരട് വിദ്യാഭ്യാസ വകുപ്പ് രൂപവത്കരിച്ച ഫോക്കസ് ഗ്രൂപ്പുകൾ ഏറക്കുറെ തയാറാക്കിയിട്ടുണ്ട്.
എന്നാൽ, നേരത്തേ പൊതുജന ചർച്ചക്കായി പ്രസിദ്ധീകരിച്ച കുറിപ്പിൽ ലിംഗസമത്വം, ക്ലാസ് മുറിയിലെ ഇരിപ്പിട സമത്വം, സ്കൂൾ സമയമാറ്റം തുടങ്ങിയ നിർദേശങ്ങൾ വിവാദമായ സാഹചര്യത്തിലാണ് പൊസിഷൻ പേപ്പർ പ്രസിദ്ധീകരിക്കുന്നതിലെ മുൻകരുതൽ. ലിംഗസമത്വ വിദ്യാഭ്യാസമെന്ന വിഷയ മേഖലയിലുള്ള പൊസിഷൻ പേപ്പർ തയാറാക്കുന്നത് തിരുവനന്തപുരം സെന്‍റർ ഫോർ ഡെവലപ്മെന്‍റ് സ്റ്റഡീസ് ഫെലോയും ആസൂത്രണ ബോർഡ് മുൻ അംഗവുമായ ഡോ. മൃദുൽ ഈപ്പന്‍റെയും കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ അസി. പ്രഫസർ ഡോ.എൻ. ലക്ഷ്മി പ്രിയയുടെയും നേതൃത്വത്തിലാണ്.
പേപ്പർ പ്രസിദ്ധീകരിക്കും മുമ്പ് പാർട്ടിതല പരിശോധനക്ക് ഇവ കൈമാറും. പൊതുജന ചർച്ചക്കായി തയാറാക്കിയ കരട് കുറിപ്പിൽ ലിംഗസമത്വം, ഇരിപ്പിടത്തിലെ സമത്വം എന്നിവ സംബന്ധിച്ച പരാമർശങ്ങൾ വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് ഭേദഗതി വരുത്തിയിരുന്നു.ലിംഗനീതിയിലധിഷ്ഠിത വിദ്യാഭ്യാസവും സ്കൂൾ അന്തരീക്ഷത്തിലെ സമത്വവുമാക്കിയാണ് ഇത് മാറ്റിയത്. മതസംഘടനകൾ കൂട്ടത്തോടെ സർക്കാർ നീക്കത്തിനെതിരെ രംഗത്തുവന്നതോടെയായിരുന്നു മാറ്റം.
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സി.പി.എം നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിയിലുൾപ്പെടെ വിഷയം ഉയർന്നുവന്നിരുന്നു. മതവിരുദ്ധമായ ഒന്നും പാഠ്യപദ്ധതിയിലുണ്ടാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.വിവാദങ്ങൾ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കാൻ കൂടിയാണ് പാഠ്യപദ്ധതി പരിഷ്കരണത്തിൽ പാർട്ടി സൂക്ഷ്മ പരിശോധന നടത്തുന്നത്.
ഇതിനു ശേഷം ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ പൊസിഷൻ പേപ്പർ പ്രസിദ്ധീകരിക്കാനാണ് ധാരണ.പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവിധതലങ്ങളിൽ നടന്ന ചർച്ചകളും പൊസിഷൻ പേപ്പറുകളും ചേർത്തുള്ള കരട് പാഠ്യപദ്ധതി ചട്ടക്കൂട് ഫെബ്രുവരി അവസാനം പ്രസിദ്ധീകരിക്കാനും വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നു.
കരിക്കുലം കമ്മിറ്റി 17ന്
തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെയും കോർ കമ്മിറ്റിയുടെയും സംയുക്ത യോഗം ജനുവരി 17ന് ചേരും. സ്റ്റിയറിങ് കമ്മിറ്റി ചെയർമാനായ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിലായിരിക്കും യോഗം.
പൊസിഷൻ പേപ്പർ തയാറാക്കൽ അന്തിമഘട്ടത്തിലായതിനാൽ യോഗത്തിന്റെ പരിഗണനക്ക് വരാനിടയില്ല. പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവിധതലങ്ങളിൽ നടന്ന ചർച്ചകളുടെ അവലോകനവും അവയിൽ ഉയർന്ന അഭിപ്രായങ്ങളും പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഭാഗമാക്കുന്നത് സംബന്ധിച്ച ചർച്ചകൾ യോഗത്തിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.