സർക്കാർ അധ്യാപകർ ട്യൂഷൻ സെന്ററുകളിൽ; നടപടിയെടുക്കാൻ മടിച്ച് വിദ്യഭ്യാസ വകുപ്പ്
text_fieldsപയ്യന്നൂർ: കെ.എസ്.ആർ നിയമങ്ങൾ കാറ്റിൽപ്പറത്തി നിരവധി സർക്കാർ അധ്യാപകർ സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ ട്യൂഷനെടുക്കുന്നു. വിദ്യാഭ്യാസ വകുപ്പ് ഇതറിഞ്ഞിട്ടും മൗനാനുവാദം നൽകുന്നതായി ആരോപണം. ഞായറാഴ്ച വിജിലൻസ് പയ്യന്നൂരിലും കാസർകോടും സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ നടത്തിയ റെയ്ഡിൽ ആരോപണം ശരിവെക്കുന്ന തെളിവാണ് ലഭിച്ചത്.
ആയിരക്കണക്കിന് അഭ്യസ്തവിദ്യരായ യുവാക്കൾ പുറത്തുനിൽക്കുമ്പോഴാണ് വിദ്യാലയങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് രൂപ ശമ്പളം വാങ്ങുന്നവർ രാവിലെയും വൈകീട്ടും അവധി ദിവസങ്ങളിലും ട്യൂഷൻ സെന്ററുകളിൽ എത്തി ജോലി ചെയ്യുന്നത്. മണിക്കൂറിന് 2000 മുതൽ 3000 രൂപ വരെ ഫീസ് വാങ്ങുന്നവർ കണ്ണൂർ ജില്ലയിൽ ഉള്ളതായാണ് വിദ്യാഭ്യാസ മേഖലയിലുളളവർ പറയുന്നത്.
സർക്കാർ ശമ്പളം പറ്റുന്ന അധ്യാപകർ പുറത്ത് ട്യൂഷനെടുക്കുന്നത് കെ.എസ്.ആറിൽ കർശനമായി തടഞ്ഞിട്ടുണ്ട്. മാത്രമല്ല, നിരവധി ഉത്തരവുകളിലൂടെ വിദ്യാഭ്യാസ വകുപ്പ് സമാന്തര അധ്യാപനം നടത്തിയാൽ ശിക്ഷ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇത്തരം അധ്യാപകരെ കണ്ടെത്തി വിജിലൻസ് ആന്റി കറപ്ഷൻ വിഭാഗം നടപടികൾക്ക് ശിപാർശ ചെയ്യാറുണ്ടെങ്കിലും നടപടിയുണ്ടാവാറില്ല.
വിജിലൻസ് നിരവധി തവണ വിദ്യാഭ്യാസ വകുപ്പിനും ജില്ല എജുക്കേഷൻ ഓഫിസർ, ഹയർ സെക്കൻഡറി വിഭാഗം റീജനൽ െഡപ്യൂട്ടി ഡയറക്ടർ തുടങ്ങിയവർക്കും രേഖാമൂലം വിവരം നൽകിയിരുന്നു. എന്നാൽ, നടപടി ഉണ്ടാകാറില്ലെന്ന് പരാതിയുണ്ട്.
പലരും സംഘടനകളുടെ പിൻബലത്തിലാണ് നടപടികളിൽ നിന്ന് ഊരിവരുന്നതെന്ന ആക്ഷേപവും ശക്തം. അതുകൊണ്ട് നടപടി ഉണ്ടായാൽ തന്നെ ആവശ്യപ്പെടുന്ന കേന്ദ്രങ്ങളിലേക്ക് സ്ഥലം മാറ്റത്തിലൊതുങ്ങുന്നതായും പറയുന്നു.
വിഷയം വിദ്യാർഥികളെ ബാധിക്കുന്ന ഗുരുതര പ്രശ്നമെന്ന നിലയിൽ വിജിലൻസ് ഇനി മുതൽ ഇത്തരം കേസുകൾ സ്കൂൾ പി.ടി.എയെക്കൂടി അറിയിക്കുമെന്ന് ഉന്നത വിജിലൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പി.ടി.എ യുടെ ശ്രദ്ധയിൽപ്പെട്ടാൽ ഒരു പരിധിവരെ നിയന്ത്രിക്കാനാവുമെന്ന പ്രതീക്ഷയിലാണ് വിജിലൻസ്.
വിജിലൻസ് റെയ്ഡിൽ സർക്കാർ അധ്യാപകൻ പിടിയിൽ
പയ്യന്നൂർ: പയ്യന്നൂരിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ വിജിലൻസ് റെയ്ഡ്. വിജിലൻസ് സർക്കിൾ ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സർക്കാർ വിദ്യാലയത്തിലെ അധ്യാപകൻ ക്ലാസെടുക്കുന്നതായി കണ്ടെത്തി. കാടാച്ചിറ സ്കൂളിലെ അധ്യാപകൻ പി.വി. പ്രതീഷാണ് പിടിയിലായത്. ഇയാൾക്കെതിരെ നടപടിക്ക് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് പറഞ്ഞു. അധ്യാപകർ വ്യാപകമായി ക്ലാസെടുക്കുന്നതായി ലഭിച്ച പരാതിയെ തുടർന്നാണ് റെയ്ഡ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.