ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ്
text_fieldsദുബൈ: വിദ്യാഭ്യാസ മേഖലയുടെ അന്താരാഷ്ട്ര ഹബ്ബായ ദുബൈയിലേക്ക് വിദേശ വിദ്യാർഥികളുടെ ഒഴുക്ക് തുടരുന്നു. ദുബൈയിലെ സർവകലാശാലകളിൽ അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ 12 ശതമാനം വർധനവുണ്ടായതായി ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) വ്യക്തമാക്കി. ദുബൈയിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എട്ട് ശതമാനം വാർഷിക വളർച്ചയുണ്ടായെന്നും കെ.എച്ച്.ഡി.എയുടെ പുതിയ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. മികച്ച നിലവാരമുള്ള വിദ്യാഭ്യാസവും കൂടുതൽ സ്ഥാപനങ്ങളുടെയും കോഴ്സുകളുടെയും ലഭ്യതയുമാണ് ദുബൈയിലേക്ക് കൂടുതൽ വിദ്യാർഥികളെ ആകർഷിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കാൻ ദുബൈ തിരഞ്ഞെടുക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം 12 ശതമാനം വർദ്ധിച്ചു.
മൊത്തം വിദ്യാർഥികളുടെ മൂന്നിലൊന്ന് വരും ഇത്. ഉന്നത വിദ്യാഭ്യാസം നൽകുന്ന 30ഓളം സ്ഥാപനങ്ങൾ ദുബൈയിലുണ്ട്. 2022-23 അധ്യയന വർഷത്തെ കണക്കനുസരിച്ച് 30,032 യൂനിവേഴ്സിറ്റി വിദ്യാർഥികളാണ് ദുബൈയിലുള്ളത്. 2020ൽ ഇത് 25253, 2021ൽ 27756 ആയിരുന്നു വിദ്യാർഥികളുടെ എണ്ണം. 169 രാജ്യങ്ങളിലെ വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. 60 ശതമാനവും ബിരുദ പഠനം നടത്തുന്നവരും 30 ശതമാനം ബിരുദാനന്തര ബിരുദം പഠിക്കുന്നവരുമാണ്. രണ്ട് ശതമാനം പേർ ഡോക്ടറേറ്റിനായി ഗവേഷണം നടത്തുന്നു. 78 ശതമാനം വിദ്യാർഥികളും പൂർണമായും വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
22 ശതമാനം പേർ പാർട്ട് ടൈമായാണ് പഠിക്കുന്നത്. 30 ശതമാനം പേരും അന്താരാഷ്ട്ര വിദ്യാർഥികളാണ്. ഇതിൽ 40 ശതമാനവും വനിതകളാണ്. 2018-19ൽ ഇത് 34 ശതമാനമായിരുന്നു. നിശ്ചയദാർഡ്യ വിഭാഗത്തിൽപെട്ട 303 വിദ്യാർഥികളുണ്ട്. ബിരുദം പൂർത്തിയാക്കിയ 81 ശതമാനം പേർക്കും രണ്ട് വർഷത്തിനുള്ളിൽ ജോലി ലഭിച്ചു. 69 ശതമാനം പേരും യു.എ.ഇയിലാണ്. ദുബൈയിലെ അന്താരാഷ്ട്ര കാമ്പസുകളിൽ 618 പ്രോഗ്രാമുകളാണുള്ളത്. കഴിഞ്ഞ വർഷം ഇത് 589 ആയിരുന്നു. 2018-19നെ അപേക്ഷിച്ച് പ്രോഗ്രാമുകളുടെ എണ്ണത്തിൽ 21 ശതമാനം വർധനവുണ്ടായതായും കെ.എച്ച്.ഡി.എ പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.