എൽ.പി-യു.പി- ഹൈസ്ക്കൂൾ പരീക്ഷ ഉച്ചക്ക് നടത്തുന്നത് ബാലാവകാശ ലംഘനമെന്ന് കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: കടുത്ത വേനലിൽ പ്രൈമറി മുതൽ ഹൈസ്ക്കൂൾ വരെയുള്ള കൊച്ചുകുട്ടികൾക്ക് ഉച്ചക്ക് വാർഷിക പരീക്ഷ നടത്താനുള്ള വിദ്യാഭ്യാസവകുപ്പിന്റെ സമീപനം ബാലാവകാശ ലംഘനമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 11 മുതൽ മൂന്ന് വരെ സൂര്യാഘാത സാധ്യതയുണ്ടെന്നും ആളുകൾ പുറത്തിറങ്ങരുതെന്നും പറയുന്ന സർക്കാർ കുരുന്നുകളെ കൊടുംചൂടിലേക്ക് ഇറക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
സംസ്ഥാനത്ത് ഇത്രയും ഗൗരവതരമായ ബാലാവകാശ ലംഘനം നടന്നിട്ടും അനങ്ങാതിരിക്കുന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻ കേരളത്തിന് അപമാനമാണ്. സ്വന്തം വാഹനത്തിൽ വരുന്ന കുട്ടികൾ മാത്രമല്ല പരീക്ഷ എഴുതാൻ വരുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മനസിലാക്കണം. കാൽ നടയായും പൊതുവാഹന സൗകര്യം ഉപയോഗിച്ചും വരുന്ന പാവപ്പെട്ട വിദ്യാർഥികളെയാണ് ഇത്തരം തുഗ്ലക്ക് പരിഷ്ക്കാരങ്ങൾ ബാധിക്കുന്നത്.
നട്ടുച്ചയ്ക്ക് പുറത്തിറങ്ങേണ്ടി വരുന്നത് കുട്ടികൾക്ക് ശാരീരികമായും മാനസികമായും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. എർത്ത് റേഡിയേഷൻ നടക്കുന്ന സമയമാണ് കൊച്ചുകുട്ടികൾക്ക് പരീക്ഷക്ക് നിശ്ചയിച്ചിരിക്കുന്നത്. അടിയന്തരമായി പരീക്ഷകൾ മാറ്റിവെക്കാൻ സർക്കാർ തയാറാവണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.