മുഴുവൻ അധ്യാപകർക്കും എ.ഐ പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: അധ്യാപകർക്കുള്ള കൈറ്റിന്റെ എ.ഐ പരിശീലനം ആദ്യ ബാച്ച് പൂർത്തിയായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന അധ്യാപകർക്കുള്ള എ.ഐ പരിശീലനത്തിന്റെ ആദ്യബാച്ച് പൂർത്തിയായി.
സംസ്ഥാനത്ത് 71കേന്ദ്രങ്ങളിലായി 1856 അധ്യാപകരാണ് ആദ്യ ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയത്. സെക്കൻഡറി തലം തൊട്ടുള്ള 80,000 അധ്യാപകർക്ക് ഓഗസ്റ്റ് മാസത്തിനുള്ളിൽ പരിശീലനം നൽകിയതിനുശേഷം പ്രൈമറി അധ്യാപകരെക്കൂടി പരിശീലിപ്പിച്ച് 2025 ജനുവരി ഒന്നോടെ മുഴുവൻ അധ്യാപകർക്കും എ.ഐ പരിശീലനം ലഭിച്ച ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി വി. ശിവൻ കുട്ടി അറിയിച്ചു.
മണക്കാട് ഗേൾസ് സ്‌കൂളിലെ പരിശീലന കേന്ദ്രം മന്ത്രി സന്ദർശിച്ചു. കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് സംസാരിച്ചു. സമ്മറൈസേഷൻ, ഇമേജ് ജനറേഷൻ, പ്രോംപ്റ്റ് എഞ്ചിനീയറിങ്, പ്രസന്റേഷനുകൾ, അനിമേഷനുകൾ തുടങ്ങിയവയുടെ നിർമ്മാണം, ഇവാല്യുവേഷൻ എന്നിങ്ങനെയുള്ള മേഖലകളിലാണ് കൈറ്റിന്റെ മൊഡ്യൂൾ ഉപയോഗിച്ച് അധ്യാപകർ പരിശീലനം നേടുന്നത്.
ഉത്തരവാദിത്വത്തോടെയുള്ള നിർമിതബുദ്ധി ഉപയോഗം, ഡീപ്‌ഫേക്ക് തിരിച്ചറിയൽ, അൽഗൊരിതം പക്ഷപാതിത്വം, സ്വകാര്യതാ പ്രശ്‌നങ്ങൾ തുടങ്ങിയവയും പരിശീലനത്തിന്റെ ഭാഗമായി അധ്യാപകർ പരിചയപ്പെടുന്നുണ്ട്. അധ്യാപകർ ലാപ്‌ടോപ്പും സ്മാർട്ട് ഫോണും ഉപയോഗിച്ച് 25 പേരടങ്ങുന്ന വിവിധ ബാച്ചുകളായാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. മെയ് മാസത്തിൽ കൂടുതലും ഹയർസെക്കൻഡറി അധ്യാപകർക്കായിരിക്കും പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.