ലോ കോളജ് ഇന്നുമുതൽ വീണ്ടും തുറക്കും
text_fieldsതിരുവനന്തപുരം: വിദ്യാർഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന ലോ കോളജിൽ വ്യാഴാഴ്ചമുതൽ എല്ലാ വിദ്യാർഥികൾക്കും ക്ലാസുകൾ പുനരാരംഭിക്കാൻ തീരുമാനം. എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ നടന്ന പി.ടി.എയുടെയും രാഷ്ട്രീയകക്ഷി നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം .
15 ദിവസം മുമ്പുണ്ടായ എസ്.എഫ്.ഐ -കെ.എസ്.യു സംഘർഷത്തെ തുടർന്നാണ് കോളജ് അടച്ചത്. സംഘർഷത്തിനിടെ പ്രിൻസിപ്പൽ ഉൾപ്പെടെ അധ്യാപകരെ പൂട്ടിയിടുകയും ഒരു അധ്യാപികയെ ആക്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് പ്രശ്ന പരിഹാരത്തിനായി രണ്ട് തവണ സംയുക്ത പി.ടി.എ യോഗം ചേർന്നെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് കോളജ് പ്രവർത്തനം സുഗമമാക്കാൻ പ്രിൻസിപ്പൽ കലക്ടറുടെ ഇടപെടൽ ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിൽ ആർ.ഡി.ഒ തല യോഗം ചേരുകയായിരുന്നു.
അവസാന വർഷ ക്ലാസുകൾ മാത്രം ഏതാനും ദിവസം മുമ്പ് തുറന്നിരുന്നു. ബാക്കി ക്ലാസുകൾ ഓൺലൈനായി നടക്കുന്നുണ്ടായിരുന്നു. സംഘർഷത്തെതുടർന്ന് 24 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ അന്വേഷണ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാമെന്ന് യോഗം തീരുമാനിച്ചു. വിദ്യാർഥികളുടെ പരീക്ഷകളെ ബാധിക്കാത്തതരത്തിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കും.
റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുന്നതിന് മുമ്പ് വിദ്യാർഥി സംഘടനാ നേതാക്കളുമായും ചർച്ച നടത്തും. വിദ്യാർഥി സംഘടനകൾ നൽകിയ പരാതികളിൽ പൊലീസ് നടപടികൾ തുടരും. കേസുകളെല്ലാം നിയമപരമായിതന്നെ മുന്നോട്ട് പോകട്ടേയെന്ന തീരുമാനമാണ് ചർച്ചയിലുണ്ടായത്.
തനിക്ക് മർദനമേറ്റ കേസിലെ തുടർനടപടികൾ അധ്യാപികക്ക് തീരുമാനിക്കാം. ഇത് സംബന്ധിച്ച് വേണമെങ്കിൽ വിദ്യാർഥി സംഘടനകൾക്ക് അധ്യാപികയുമായി ചർച്ച നടത്താം. കോളജിലെ നശിപ്പിച്ച കൊടിമരങ്ങൾ പുനഃസ്ഥാപിക്കണമെന്നും വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടു. എന്നാൽ, ഇനി ഇവ നശിപ്പിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകരുതെന്നും യോഗം നിർദേശിച്ചു. ഏപ്രിൽ ഒന്നുമുതൽ അവധിക്കാലം ആരംഭിക്കുന്നതിനാൽ രണ്ട് ദിവസം മാത്രമേ ഇനി ക്ലാസുകളുണ്ടാകുകയുള്ളൂ.
എ.ഡി.എം അനിൽ ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളജ് പ്രിൻസിപ്പൽ ബിജുകുമാർ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.സി. വിക്രമൻ, ഡി.സി.സി ജനറൽ സെക്രട്ടറി അഭിലാഷ് ആർ.നായർ, എസ്.എഫ്.ഐ, കെ.എസ്.യു, പി.ടി.എ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.