സാക്ഷരത ക്ലാസുകളും ഒാൺലൈൻ പഠനത്തിലേക്ക്
text_fieldsതൊടുപുഴ: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് താളംതെറ്റിയ സാമൂഹിക സാക്ഷരത പഠനപ്രവർത്തനങ്ങൾ ഒാൺലൈൻ സംവിധാനത്തിൽ പുനരാരംഭിക്കാൻ ആലോചന.
സാക്ഷരത മിഷെൻറ ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ തുടർച്ചയായി സാക്ഷരത ക്ലാസുകളും നാലാം ക്ലാസ്, ഏഴാം ക്ലാസ് തുല്യത കോഴ്സുകളും ഒാൺലൈനായി നടത്താനുള്ള സാധ്യതയാണ് ആരായുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഒന്നര വർഷത്തിലധികമായി ക്ലാസുകൾ ഏറക്കുറെ മുടങ്ങിയ അവസ്ഥയിലാണ്. സാക്ഷരത മിഷൻ പരിപാടികളിൽ 10ാം ക്ലാസ്, ഹയർ സെക്കൻഡറി തുല്യത കോഴ്സുകളും പരീക്ഷകളും മാത്രമാണ് കുറ്റമറ്റ രീതിയിൽ നടത്താൻ കഴിയുന്നത്. ഇതിന് പലയിടത്തും പ്രാദേശിക തലങ്ങളിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളും മറ്റ് ഒാൺലൈൻ പഠനസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാൽ, ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമല്ലാത്തവരും അവയുടെ ഉപയോഗത്തിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്തവരുമായ മറ്റ് പഠിതാക്കൾക്ക് ഇതും പ്രായോഗികമല്ല. ഇൗ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കി സാക്ഷരത പഠിതാക്കളെയും നാലാം ക്ലാസ്, ഏഴാം ക്ലാസ് തുല്യത കോഴ്സുകളിലുള്ളവരെയും ഒാൺലൈൻ പഠനത്തിലേക്ക് കൊണ്ടുവരാൻ ആലോചിക്കുന്നത്.
കോവിഡ് വ്യാപനത്തോടെ 10ാം ക്ലാസ്, ഹയർ സെക്കൻഡറി തുല്യത ഒഴികെയുള്ള സാക്ഷരത പഠനവും പരീക്ഷകളും നിർത്തിവെച്ചിരിക്കുകയാണ്. ആദിവാസി ഉൗരുകളിലും കോളനികളിലുമടക്കം പഠിതാക്കളുമായി നേരിട്ട് സമ്പർക്കം അനിവാര്യമായതിനാലാണ് ഇവ നടത്താൻ കഴിയാത്തത്.
2020 ഏപ്രിലിൽ തുടങ്ങാൻ സർക്കാർ അനുമതി നൽകിയ ഡിജിറ്റൽ സാക്ഷരത പദ്ധതിയും ആരംഭിക്കാനായിട്ടില്ല. ഡിജിറ്റൽ സാക്ഷരത പദ്ധതി നടപ്പാക്കാനായാൽ അതിെൻറ തുടർച്ചയായി ഒാൺലൈൻ സാക്ഷരത ക്ലാസുകൾ കൂടുതൽ എളുപ്പമാകും. നവംബറോടെ ക്ലാസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സാക്ഷരത മിഷൻ അതോറിറ്റി ഡയറക്ടർ ഡോ. പി.എസ്. ശ്രീകല 'മാധ്യമ'ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.