മെഡിക്കൽ/ അനുബന്ധ കോഴ്സ് പ്രവേശനം: അപേക്ഷയിലെ ന്യൂനത പരിഹരിക്കാൻ 10 വരെ അവസരം
text_fieldsതിരുവനന്തപുരം: മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുകയും നീറ്റ് സ്കോർ ഓൺലൈനായി സമർപ്പിക്കുകയും ചെയ്ത വിദ്യാർഥികൾക്ക് അപേക്ഷയിലെ ന്യൂനത പരിഹരിക്കുന്നതിനും സംവരണാനുകൂല്യങ്ങൾ തെളിയിക്കുന്നതിനും സമർപ്പിച്ച സർട്ടിഫിക്കറ്റുകളിലെ അപാകതകൾ പരിഹരിക്കുന്നതിനും ഈ മാസം 10ന് വൈകീട്ട് അഞ്ചു വരെ സമയം നൽകി.
അപേക്ഷയോടൊപ്പം വിവിധ സംവരണാനുകൂല്യങ്ങൾക്കുള്ള അവകാശവാദം ഉന്നയിക്കാത്തവർക്ക് അർഹമായ സംവരണം തെളിയിക്കുന്നതിനാവശ്യമായ രേഖകൾ/സർട്ടിഫിക്കറ്റുകൾ ഈ ഘട്ടത്തിൽ ഓൺലൈനായി സമർപ്പിക്കാം.
നേറ്റിവിറ്റി സർട്ടിഫിക്കറ്റുകളിലെ അപാകതകൾ കാരണം സംവരണം നിരസിക്കപ്പെട്ടവർ സംവരണാനുകൂല്യത്തിനായി പുതിയതായി രേഖകൾ/സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യണം. ഈ ഘട്ടത്തിൽ സമർപ്പിക്കുന്ന രേഖകളിൽ അപാകതയുണ്ടായാൽ വീണ്ടും അവസരം ലഭിക്കില്ല. വിദ്യാർഥികൾ സ്വന്തം ഉത്തരവാദിത്തത്തിൽ സാധുവായതും അപാകതയില്ലാത്തതുമായ സർട്ടിഫിക്കറ്റുകളാണ് അപ്ലോഡ് ചെയ്തതെന്ന് ഉറപ്പാക്കണം.
പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടൽ അപേക്ഷ നമ്പറും പാസ്വേഡും നൽകി ലോഗിൻ ചെയ്യണം. ദൃശ്യമാകുന്ന പ്രൊഫൈൽ പേജിൽ 'Memo Details' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ന്യൂനതകൾ പരിഹരിക്കാനാവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാം. നേരത്തേ സംവരണ അവകാശവാദം ഉന്നയിക്കാത്തവർ അർഹരെങ്കിൽ ലോഗിൻ ചെയ്ത് പ്രൊഫൈൽ പേജിൽ 'Upload Documents (Mercy chance)' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് പുതുതായി സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.