പ്ലസ് വൺ പ്രവേശനം: മറ്റു ജില്ലകളിൽ അധികമുള്ള 14 ബാച്ചുകൾ മലപ്പുറത്തേക്ക് മാറ്റുമെന്ന് മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: മറ്റു ജില്ലകളിൽ അധികമുള്ള 14 പ്ലസ് വൺ ബാച്ചുകൾ മലപ്പുറം ജില്ലയിലേക്ക് മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എല്ലാ ജില്ലകളെയും സർക്കാർ ഒരുപോലെയാണ് കാണുന്നതെന്നും മലപ്പുറത്തെ അവഗണിക്കുന്നു എന്ന രീതിയിൽ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ് വണ്ണിന് 4,59,330 അപേക്ഷകളാണ് ലഭിച്ചത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 3,70,590 സീറ്റുകളാണുള്ളത്. വി.എച്ച്.എസ്.ഇയിൽ 33,030 സീറ്റുണ്ട്. അൺ എയ്ഡഡ് മേഖലയിലെ 54,585 സീറ്റുകളടക്കം ആകെ 4,58,205 സീറ്റുകളാണുള്ളത്. മലപ്പുറത്ത് 80,922 അപേക്ഷകരാണുള്ളത്. സർക്കാർ, എയ്ഡഡ് മേഖലകളിലായി 55,590 സീറ്റുകളുണ്ട്. അൺ എയ്ഡഡ് മേഖലയിൽ 11,286 സീറ്റുകളും വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 2,820 സീറ്റുകളുമാണുള്ളത്. അൺ എയ്ഡഡിൽ ഒരാൾ പോലും ചേരുന്നില്ലെങ്കിൽ ഇനി 22,512 സീറ്റുകളാണ് വേണ്ടത്. അൺ എയ്ഡഡ് കൂടി പരിഗണിച്ചാൽ 11,226 സീറ്റുകൾ മതിയാവും.
മാർജിനൽ സീറ്റ് വർധനവിന് പുറമെ 81 താൽക്കാലിക ബാച്ചുകൾ മുഖ്യഘട്ട അലോട്ട്‌മെന്റിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ മതിയായ വിദ്യാർഥികൾ ഇല്ലാത്ത 14 ബാച്ചുകൾ മലപ്പുറത്തേക്ക് ഒന്നാം അലോട്ട്‌മെന്റിൽ പ്രയോജനം ലഭിക്കത്തക്കവിധം ഷിഫ്റ്റ് ചെയ്യും. ഈ വർഷം എസ്.എസ്.എൽ.സി പാസായ എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കും വിധം മുഖ്യഘട്ട അലോട്ട്‌മെന്റിലെ സ്ഥിതി പരിശോധിച്ച് ആവശ്യമുള്ള അധിക ബാച്ചുകൾ അനുവദിക്കും. എയ്ഡഡ് മേഖലയിൽ കൂടുതൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകും. ഉടൻ റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. താൽക്കാലിക ബാച്ച് ആകും എയ്ഡഡ് മേഖലയിൽ അനുവദിക്കുക. അടുത്ത വർഷത്തോടെ ശാശ്വത പരിഹാരം ഉണ്ടാകും. സാധ്യമായത് എല്ലാം ചെയ്ത് വടക്കൻ ജില്ലകളിലെ സീറ്റ് പ്രശ്നം പരിഹരിക്കും.
കാർത്തികേയൻ കമ്മിറ്റി സർക്കാരിന് കണക്കുകൾ പഠിക്കാൻ വേണ്ടിയുള്ള സമിതിയാണെന്നും ഇതിന്റെ റിപ്പോർട്ടിൽ ഒരു രഹസ്യസ്വഭാവവും ഇല്ലെന്നും നിലവിൽ റിപ്പോർട്ട് പുറത്തുവിടേണ്ട ആവശ്യം ഉള്ളതായി തോന്നിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.