അറബിക് കോളജുകളിലെ കോഴ്സുകൾ നിർത്താൻ നീക്കമെന്ന് ആക്ഷേപം
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത എയ്ഡഡ് അറബിക് കോളജുകളിൽ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകൾ നിർത്തലാക്കാൻ ശ്രമമെന്ന് ആക്ഷേപം. ഇതുസംബന്ധിച്ച ഫയൽ ശനിയാഴ്ച നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ പരിഗണിക്കാനാണ് നീക്കം. 2013ൽ ഒമ്പതു കോളജുകളിൽ രണ്ടുവീതം കോഴ്സുകളായിരുന്നു അനുവദിച്ചത്. ഇതിനായി ചട്ടം ഭേദഗതി ചെയ്യാനുള്ള നടപടികൾ വൈകിയിരുന്നു.
2013ൽ അറബിക് കോളജുകളിൽ അനുവദിച്ച കോഴ്സുകൾ പിൻവലിക്കണമെന്നാണ് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് സിൻഡിക്കേറ്റിനുമുന്നിൽ നിർദേശം െവച്ചതെന്നാണ് ആക്ഷേപം. ചട്ടഭേദഗതിക്കുള്ള നീക്കം ഉപേക്ഷിക്കുക, നിലവിൽ ഓറിയൻറൽ ലാംഗ്വേജ് കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളെ പഠനം പൂർത്തിയാക്കാൻ അനുവദിക്കുക തുടങ്ങിയവയും സിൻഡിക്കേറ്റ് പരിഗണിക്കും. നാലായിരത്തിലധികം വിദ്യാർഥികളാണ് നിലവിൽ ഈ കോഴ്സുകളിൽ പഠിക്കുന്നത്. അതേസമയം, കോഴ്സുകൾ നിർത്തലാക്കില്ലെന്ന് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് പറഞ്ഞു.
നീക്കം ഉപേക്ഷിക്കണം –കെ.എ.എം.എ
തൃശൂർ: അറബിക് കോളജുകൾക്കും അറബി ഭാഷക്കുമെതിരായ നീക്കങ്ങളിൽനിന്ന് സർവകലാശാലകളും സർക്കാറുകളും പിന്തിരിയണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
നൂറ്റാണ്ടിലധികമായി ജാതിമതഭേദമന്യേ ആയിരക്കണക്കിന് വിദ്യാർഥികളും മറ്റുള്ളവരും ഈ ഭാഷ പഠിച്ചുവരുന്ന സാഹചര്യത്തിൽ ഭാഷയെ പിന്നോട്ട് വലിക്കുന്ന നീക്കങ്ങളിൽനിന്ന് പിന്തിരിയണമെന്നും യോഗം അഭിപ്രായപ്പെട്ടു.സംസ്ഥാന പ്രസിഡൻറ് എ.എ. ജാഫർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, ട്രഷറർ പി.പി. ഫിറോസ്, സംഘടനാ വിഭാഗം സെക്രട്ടറി ഇ.ഐ. സിറാജ് മദനി എന്നിവർ സംസാരിച്ചു.
ആശങ്കാജനകം –കെ.എ.ടി.എഫ്
കൊച്ചി: കാലിക്കറ്റ് സർവകലാശാലക്ക് കീഴിെല അറബിക് കോളജുകൾ നിർത്താൻ നീക്കമുണ്ടെന്ന വാർത്ത ആശങ്കാജനകമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ. സർക്കാർ ഇടപെട്ട് ആശങ്ക അകറ്റണം. അറബിക് കോളജുകളുടെ അസ്തിത്വം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള സിൻഡിക്കേറ്റിെൻറ നീക്കം അംഗീകരിക്കാനാവില്ലെന്നും അതിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. സംസ്ഥാന പ്രസിഡൻറ് എം.പി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി. അബ്ദുൽ ഹഖ്, മാഹിൻ ബാഖവി, എം.എ. ലത്തീഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.