അടുത്ത അധ്യയന വർഷം മുതൽ കായിക ഇനങ്ങളിൽ പുതിയ പി.ജി കോഴ്സുകൾ -മന്ത്രി
text_fieldsനെടുമങ്ങാട്: കായിക ക്ഷമതയുള്ള തലമുറയെ സൃഷ്ടിക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. ഇതിനായി കേരളത്തിലെ സർവകലാശാലകളിൽ കായിക ഇനങ്ങളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
കാലിക്കറ്റ് സർവകലാശാലയിൽ എം.എസ്സിയിൽ പുതിയ രണ്ട് കോഴ്സുകൾ അടുത്ത അധ്യയനവർഷം തുടങ്ങും. മൂന്ന് കോഴ്സുകളുടെ സിലബസുകൾ തയാറാക്കി വരുകയാണ്. ജി.വി. രാജ സ്കൂളിൽ നിർമാണം പൂർത്തിയാക്കിയ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കായികകേരളത്തിന്റെ പിതാവ് കേണൽ ഗോദവർമ രാജയുടെ ആദരസൂചകമായി സ്കൂളിൽ നിർമിച്ച പൂർണകായ പ്രതിമ മന്ത്രി അനാച്ഛാദനം ചെയ്തു.
ജി.വി. രാജ സ്പോർട്സ് സ്കൂളിലെ മുഴുവൻ കായിക വിദ്യാർഥികളുടെയും കായിക നിലവാരം ഉയർത്തുന്നതിനും ഏറ്റവും മികച്ച പരിശീലനം നൽകുന്നതിനുമായി കായിക വകുപ്പിൽനിന്നും 3.34 കോടി രൂപ ചെലവഴിച്ചാണ് വിവിധ പദ്ധതികളുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയത്.
അത്യാധുനിക നിലവാരമുള്ള ഇൻഡോർ ബാസ്ക്കറ്റ്ബാൾ കോർട്ട്, ഫിറ്റ്നസ് സെന്റർ എന്നിവയാണ് സ്കൂളിൽ സജ്ജീകരിച്ചത്. ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മുഖേനയാണ് ലാൻഡ് സ്കേപ്പിങ് നടത്തിയത്. ഹോക്കി കോർട്ടിലെ അനുബന്ധ പ്രവൃത്തികളും സി.സി.ടി.വി സ്ഥാപിക്കലും പൂർത്തിയാക്കി.
ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ. കല, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കായിക വകുപ്പ് ഡയറക്ടർ പ്രേം കൃഷ്ണൻ എസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.