സ്കൂളുകളിലെ പുതിയ തസ്തിക; ഭിന്നശേഷിക്കാർക്കും അധ്യാപക ബാങ്കിലുള്ളവർക്കും മുൻഗണന
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ 6005 പുതിയ തസ്തികകൾക്ക് അർഹതയുണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് കണ്ടെത്തിയെങ്കിലും എയ്ഡഡ് മേഖലയിൽ വർധിക്കുന്നവയിൽ ഭിന്നശേഷി സംവരണത്തിനും അധ്യാപക ബാങ്കിൽ നിന്നുള്ള സംരക്ഷിത അധ്യാപകരുടെ പുനർവിന്യാസത്തിനും നീക്കിവെക്കേണ്ടിവരും. സർക്കാർ സ്കൂളുകളിലെ പുതിയ തസ്തികകൾ തസ്തികനഷ്ടം വരുന്നവരുടെ പുനർവിന്യാസത്തിനും കൂടി ഉപയോഗിക്കേണ്ടിവരും.
ഫലത്തിൽ 6005 തസ്തികകൾ ലഭിച്ചാലും പകുതിയോളം തസ്തികകളിൽ മാത്രമാകും പുതിയ നിയമനം നടത്താനാവുക. 6005 പുതിയ തസ്തികകളിൽ 3080 എണ്ണം സർക്കാർ സ്കൂളുകളിലും 2925 എണ്ണം എയ്ഡഡ് സ്കൂളുകളിലുമാണ്. എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണത്തിലെ മുൻകാല കുറവ് (ബാക്ലോഗ്) ഉൾപ്പെടെ നികത്തി നിയമനം നടത്താൻ ഹൈകോടതി വിധിയുണ്ട്. ഭിന്നശേഷി സംവരണം കഴിഞ്ഞുവരുന്ന തസ്തികകളിൽ 1:1 എന്ന അനുപാതപ്രകാരം ആദ്യ തസ്തിക സർക്കാറിന് നൽകണം. ഇതിലേക്ക് അധ്യാപക ബാങ്കിൽ നിന്ന് സംരക്ഷിത അധ്യാപകരെ സർക്കാർ നിയമിക്കണം. ഇതുകൂടി കഴിഞ്ഞ ശേഷമുള്ള തസ്തികയിൽ മാത്രമേ എയ്ഡഡ് മാനേജ്മെന്റുകൾക്ക് നിയമനം നടത്താനാകൂ.
സർക്കാർ സ്കൂളുകളിൽ തസ്തിക നഷ്ടപ്പെട്ട 1638 പേരെ വിരമിക്കൽ ഒഴിവുകളിലേക്ക് ഉൾപ്പെടെ പുനർവിന്യസിക്കേണ്ടിവരും. അധിക തസ്തികക്ക് ധനവകുപ്പ് അനുമതി നൽകിയാൽ അതും തസ്തിക നഷ്ടപ്പെട്ടവരുടെ പുനർവിന്യാസത്തിനായി ഉപയോഗിക്കാനാകും. ഇതിനുശേഷം ബാക്കിയുള്ള തസ്തികകളാകും പി.എസ്.സി നിയമനത്തിനായി റിപ്പോർട്ട് ചെയ്യാനാവുക. പുനർവിന്യാസത്തിന് വിരമിക്കൽ തസ്തികകൾ കൂടി പരിഗണിച്ചാൽ പുതിയ തസ്തികകളിൽ നിന്ന് 2000ത്തോളം എണ്ണം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ.
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണ പ്രകാരമുള്ള നിയമനവും അധ്യാപക ബാങ്കിൽ നിന്നുള്ള പുനർവിന്യാസവും കൂടി നടന്നാൽ 2925 അധിക തസ്തികകളിൽ ആയിരം തസ്തികയെങ്കിലും ബാക്കിയുണ്ടാകുമെന്നാണ് പ്രതീക്ഷ. അേതസമയം, എയ്ഡഡ് സ്കൂളുകളിൽ തസ്തിക നഷ്ടപ്പെട്ടവരിൽ സംരക്ഷണമുള്ളവരെ അധ്യാപക ബാങ്കിലേക്ക് മാറ്റുകയാണ് ചെയ്യുക. സംരക്ഷണമില്ലാത്തവർക്ക് തസ്തിക നഷ്ടമായാൽ ജോലിയിൽ തുടരാനുമാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.