സ്കൂളുകൾ തിങ്കളാഴ്ച മുതൽ സമ്പൂർണ അധ്യയനത്തിലേക്ക്; 47 ലക്ഷം വിദ്യാർഥികൾ ഒരേസമയം സ്കൂളിലേക്ക്
text_fieldsതിരുവനന്തപുരം: 23 മാസത്തെ ഇടവേളക്കുശേഷം സംസ്ഥാനത്തെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ കോവിഡിന് മുമ്പുള്ള രീതിയിൽ പൂർണതോതിൽ പ്രവർത്തനമാരംഭിക്കുന്നു. സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി 47 ലക്ഷത്തോളം വിദ്യാർഥികളാണ് ഒരേസമയം അധ്യയനത്തിനെത്തുന്നത്. 702 ദിനങ്ങൾക്കുശേഷമാണ് സ്കൂളുകൾ പൂർണ പ്രവർത്തനത്തിലേക്ക് വരുന്നത്.
കുട്ടികളെ ബാച്ചുകളാക്കിയും ഉച്ചവരെ അധ്യയനവുമായി നവംബർ ഒന്നിന് സ്കൂളുകൾ തുറന്നിരുന്നു. ഇടക്ക് കോവിഡ് മൂന്നാംതരംഗത്തിൽ ജനുവരി 21 മുതൽ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ അടക്കുകയും ഫെബ്രുവരി 14ന് തുറക്കുകയും ചെയ്തു.
പിന്നാലെയാണ് മുഴുവൻ ക്ലാസുകളും ബാച്ച് രീതി ഒഴിവാക്കിയും വൈകീട്ടുവരെ അധ്യയനവുമായി തിങ്കളാഴ്ച പൂർണമായും പ്രവർത്തനമാരംഭിക്കുന്നത്. കുട്ടികൾക്ക് ഹാജർ നിർബന്ധമാക്കിയിട്ടില്ലെങ്കിലും നില പരിശോധിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഒന്ന് മുതൽ 10 വരെ 38 ലക്ഷത്തിൽപരം വിദ്യാർഥികളും ഹയർ സെക്കൻഡറിയിൽ ഏഴര ലക്ഷത്തോളം പേരും വി.എച്ച്.എസ്.ഇയിൽ 66000ത്തോളം കുട്ടികളുമാണുള്ളത്. 1.91 ലക്ഷം അധ്യാപകരും 22,000ത്തോളം അനധ്യാപകരും ഇതോടെ മുഴുസമയ സ്കൂൾ പ്രവർത്തനങ്ങളിൽ വ്യാപൃതരാകും. ഹയർ സെക്കൻഡറിയിൽ 30,000ൽപരം അധ്യാപകരും വി.എച്ച്.എസ്.ഇയിൽ 3900 അധ്യാപകരുമാണുള്ളത്. സ്കൂൾ ക്ലാസുകൾക്ക് പുറമെ പ്രീപ്രൈമറി ക്ലാസുകളിലും കുട്ടികൾ എത്തുന്നുണ്ട്.
പ്രീപ്രൈമറി വിഭാഗത്തിൽ തിങ്കൾ മുതൽ വെള്ളിവരെ ദിവസങ്ങളിൽ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ഉച്ചവരെയാണ് ക്ലാസ്. പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ വിദ്യാർഥികൾക്കും ഉച്ചഭക്ഷണം വിതരണം ചെയ്യും. സമ്പൂർണ അധ്യയനത്തിന് മുന്നോടിയായി ശനി, ഞായർ ദിവസങ്ങളിൽ സ്കൂളുകളിൽ ശുചീകരണവും അണുനശീകരണവും പൂർത്തിയാക്കിവരുന്നു. ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്കൂൾ അധ്യയനം പൂർണതോതിലേക്ക് മാറുമെങ്കിലും മാസ്കണിഞ്ഞും കൈകൾ ശുചിയാക്കിയുമാണ് കുട്ടികൾ സ്കൂളിൽ എത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.