കരസേനയിൽ പ്ലസ്ടുക്കാർക്ക് ബി.ടെക് പഠനവും ലെഫ്റ്റനന്റ് ജോലിയും
text_fieldsഅവിവാഹിതരായ ആൺകുട്ടികൾക്ക് പ്ലസ്ടു ടെക്നിക്കൽ എൻട്രി സ്കീമിലൂടെ കരസേനയിൽ സൗജന്യ ബി.ടെക് പഠനത്തിനും ലെഫ്റ്റനന്റായി ജോലി നേടാനും അവസരം. 2023 ജനുവരിയിൽ ആരംഭിക്കുന്ന 48ാമത് കോഴ്സിലേക്കാണ് തെഞ്ഞെടുപ്പ്.
ഇനി പറയുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഭാരത പൗരന്മാരായിരിക്കണം. ജെ.ഇ.ഇ മെയിൻ 2022ൽ യോഗ്യത നേടിയിരിക്കണം. ഹയർസെക്കൻഡറി/പ്ലസ്ടു/ തത്തുല്യ ബോർഡ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.
പ്രായം പതിനാറരക്കും പത്തൊമ്പരതരക്കും മധ്യേയാവണം. 2003 ജൂലൈ രണ്ടിനു മുമ്പോ 2006 ജൂലൈ ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം.
വിശദവിവരഡങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.inൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. സെപ്റ്റംബർ 21 വൈകീട്ട് മൂന്നു മണിവരെ അപേക്ഷ സ്വീകരിക്കും.
മെരിറ്റടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി സർവീസസ് സെലക്ഷൻ ബോർഡ് മുമ്പാകെ ബംഗളൂരു, ഭോപാൽ, അലഹബാദ്, കപൂർത്തല (പഞ്ചാബ്) കേന്ദ്രങ്ങളിൽ ഇന്റർവ്യൂവിന് ക്ഷണിക്കും. അഞ്ചു ദിവസത്തോളം നീളുന്ന ഇന്റർവ്യൂവിൽ സൈക്കോളജി ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ് മുതലായവ അടങ്ങിയിട്ടുണ്ട്.
ഇന്റർവ്യൂ അറിയിപ്പ് ഇ-മെയിൽ ഐഡി/എസ്.എം.എസ് വഴി ലഭിക്കും. ഇന്റർവ്യൂവിൽ തിളങ്ങുന്നവരെ വൈദ്യപരിശോധന നടത്തി തെരഞ്ഞെടുക്കും. ആകെ 90 ഒഴിവുകളുണ്ട്.
അഞ്ചു വർഷം പരിശീലനം നൽകും. ആദ്യവർഷം ഓഫിസർ ട്രെയ്നിങ് അക്കാദമി ഗയയിൽ ബേസിക് മിലിറ്ററി ട്രെയ്നിങ്. തുടർന്നാണ് സാങ്കേതിക പഠനപരിശീലനങ്ങൾ. പൂണൈയിലും സെക്കന്തരാബാദിലുമാണിത്. ഫൈനൽ പരീക്ഷകൾ പൂർത്തിയാക്കുന്നവർക്ക് ജെ.എൻ.യു എൻജീനിയറിങ് ബിരുദം സമ്മാനിക്കും. പഠന-പരിശീലന ചെലവുകൾ സർക്കാർ വഹിക്കും.
പരിശീലനം പൂർത്തിയാക്കുന്നവരെ ലഫ്റ്റനന്റ് പദവിയിൽ ഓഫിസായി 56,100-1,77,500 രൂപ ശമ്പളനരിക്കിൽ നിയമിക്കും. പരിശീലനകാലം കാഡറ്റുകൾക്ക് പ്രതിമാസം 56,100 രൂപ സ്റ്റൈപന്റുണ്ട്. ക്ഷാമബത്ത, യൂനിഫോം അലവൻസ്, കുട്ടികൾക്ക് വിദ്യാഭ്യാസ അലവൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് മുതലായ ആനുകൂല്യങ്ങളും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.