നിഗൂഢതയില്ലാത്ത അധ്യാപക നിയമന അഭിമുഖം...; അനുഭവങ്ങൾ വിവരിച്ച് പി.കെ പോക്കർ
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ ചില സർവകലാശാലകളിൽ അധ്യാപകനിയമനത്തിൽ സംവരണ അട്ടിമറിയും രാഷ്ട്രീയ നിയമനങ്ങളും നടക്കുേമ്പാൾ ഒരു കേന്ദ്ര സർവകലാശാലയിലെ സുതാര്യമായ നിയമന നടപടികളെക്കുറിച്ച് ഇടത് ചിന്തകനും അധ്യാപകനുമായ പ്രഫ. പി.കെ. പോക്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഒരു കേന്ദ്ര സർവകലാശാലയിലെ അധ്യാപക നിയമനത്തിൽ വിഷയ വിദഗ്ധനായി പങ്കെടുത്തതിന്റെ അനുഭവങ്ങളാണ് കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപകനായിരുന്ന പോക്കർ പങ്കുെവച്ചത്.
വൈസ് ചാൻസിലർ നേരിട്ടാണ് അഭിമുഖത്തിന് വിളിച്ചത്. എല്ലാം സുതാര്യമായിരുന്നു. സംവരണ തസ്തികകളും ജനറൽ തസ്തികകളും ഏതെന്ന് നേരത്തേ തരംതിരിച്ചാണ് അപേക്ഷ ക്ഷണിച്ചതും അഭിമുഖം നടത്തിയതുമെന്ന് പോക്കർ പറയുന്നു. അതിനാൽ വിഷയ വിദഗ്ധരെ കബളിപ്പിക്കാനോ ഇരുട്ടിൽ നിർത്താനോ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
യാതൊരു നിഗൂഢതയും അനുഭവപ്പെട്ടില്ല. ഒരു സർവകലാശാലയിലെ നിയമനം എപ്പോഴും സുതാര്യമായിരിക്കണം. അങ്ങിനെ കാര്യങ്ങൾ തീരുമാനിക്കാൻ വൈസ് ചാൻസലർമാർക്ക് കെൽപ്പുണ്ടായിരിക്കണമെന്നും ദീർഘകാലം അധ്യാപകനായിരുന്ന അദ്ദേഹം പറയുന്നു. അക്കാദമിക മികവുമാത്രമല്ല അക്കാദമിക ജീവിത സങ്കല്പവും അവർക്ക് അനിവാര്യമാണ്. നിലവിൽ സിൻഡിക്കേറ്റുകൾക്ക് പറയത്തക്ക അക്കാദമിക താല്പര്യങ്ങളൊന്നും എവിടെയും ഇല്ല.
മാസത്തിൽ ഒന്നോ രണ്ടോ മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നതാണ് സിൻഡിക്കേറ്റിന് മിക്കവാറും സർകലാശാലയുമായുള്ള ബന്ധം. യു.ജി.സി യുടെ നിബന്ധനകൾ പാലിച്ചും സംവരണം ആദ്യമേ പ്രഖ്യാപിച്ചും നടത്തിയ ഒരു അക്കാദമിക പ്രവർത്തനത്തിൽ പങ്കെടുത്തതിൽ മുൻകാലങ്ങളെക്കാൾ സന്തോഷവും സംതൃപ്തിയുമുണ്ടെന്നും പി.കെ പോക്കർ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.